തിരുവനന്തപുരം: വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം. ലഭ്യമായ ട്രെയിൻ സർവീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിർദേശം. എംബസിയുടെ അറിയിപ്പിനുസരിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, യുക്രൈനിൽ നിന്ന് തിങ്കളാഴ്‌ച ഡൽഹിയിൽ എത്തിയ 36 വിദ്യാർഥികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചു. ഇതിൽ 25 പേരെ ഇന്ന് രാവിലെ 5.35ന് പുറപ്പെട്ട വിസ്‌താര യുകെ 883 ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിച്ചു. 11 പേരെ 8.45ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട വിസ്‌താര യുകെ 895 ഫ്ലൈറ്റിലും നാട്ടിലെത്തിച്ചു.