തിരുവനന്തപുരം :കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് പുതുതായി അനുവദിച്ച വന്ദേഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന് വന്ദേഭാരത് അനുവദിച്ചതിന് സംസ്ഥാന സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഇന്ന് കേരളത്തെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള ദിവസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അഭിമാന പദ്ധതിയായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കെ-റെയിലിനെ കുറിച്ച് ചടങ്ങില്‍ മുഖ്യമന്ത്രി മൗനം പാലിച്ചു.
കെ-റെയില്‍ ആവശ്യമുന്നയിക്കാതെ ഡിജിറ്റല്‍ രംഗത്തെ കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളാണ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഊന്നിപ്പറഞ്ഞ്. അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളം പോലൊരു സംസ്ഥാനത്ത് മെച്ചപ്പെട്ട ഗതാഗത പദ്ധതികള്‍ കൂടിയേ തീരൂ. അത്തരം പദ്ധതിയാണ് ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന വന്ദേഭാരതും കൊച്ചി വാട്ടര്‍ മെട്രോയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ടും വിദേശ വായ്‌പയും ഉള്‍പ്പടെ 1085 കോടി രൂപ ചിലവഴിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാക്കിയത്. കൊച്ചി നഗരത്തിന്‍റെ ഗതാഗത സ്‌തംഭനത്തിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമാണ് പൂര്‍ണമായും സംസ്ഥാന ഉടമസ്ഥതയിലുള്ള വാട്ടര്‍മെട്രോ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസത്തിന്‍റെയും ഗവേഷണത്തിന്‍റെയും ഹബ് : ഇന്ത്യയ്ക്ക് തന്നെ മാതൃകയായ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രാജ്യത്ത് ആദ്യമായി യാഥാര്‍ഥ്യമാക്കിയ കേരളത്തിലാണ് ഇന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ഥ്യമായിരിക്കുന്നത്. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയിലേക്കുയര്‍ത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.