തിരുവനന്തപുരം:രാജ്യത്തിന്റെ പേര് ഇന്ത്യ (India) എന്നതില്‍ നിന്ന് ഭാരത് (Bharat) എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ (Central Government) ശ്രമം നടക്കുന്നുവെന്ന ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കവെ വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan). ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് 'ഇന്ത്യ' എന്ന പദം ഒഴിവാക്കുന്നതിന് പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി (Chief Minister) വിമര്‍ശിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്നും, ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ (Facebook Post) ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണം. ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് 'ഇന്ത്യ' എന്ന പദം ഒഴിവാക്കുന്നതിന് പിന്നിലുള്ളത്.
ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തിൽ, നമ്മുടെ രാജ്യത്തെ 'India, that is Bharat' (ഇന്ത്യ, അതായത് ഭാരതം) എന്ന് വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ 'ആമുഖം' തുടങ്ങുന്നത് 'We, the people of India' എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടന ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്ക് തന്നെ എതിരാണ്.