കേരളം

kerala

പിണറായിക്ക് എതിരെ പോർമുഖം, എരിഞ്ഞടങ്ങുന്ന സോളാർ

By

Published : Mar 25, 2021, 8:41 PM IST

മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ വരുമെന്ന് സർവേ ഫലങ്ങൾ പറയുമ്പോൾ പ്രതിപക്ഷം കടന്നാക്രമിക്കുകയാണ്. അതേസമയം ഇപ്പോൾ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോൾ സോളാർ പീഡന കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് എതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്

Pinarayi vijayan on EMCC Agreement  solar case against oommen chandy  സോളാർ കേസ്  സോളാർ കേസിലെ പ്രതികൾ  ഉമ്മൻചാണ്ടിക്കെതിരായ കേസ്  ഉമ്മൻചാണ്ടിക്കെതിരെ തെളിവ് ഇല്ലെന്ന് എൻഫോഴ്സ്മെന്‍റ്
പിണറായിക്ക് എതിരെ പോർമുഖം, എരിഞ്ഞടങ്ങുന്ന സോളാർ

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോൾ പ്രീപോൾ സർവേകളുടെ സമയമാണ്. പ്രമുഖ മാധ്യമങ്ങളെല്ലാം സർവേ നടത്തിക്കഴിഞ്ഞു. ഇടതു മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് സർവേ ഫലങ്ങൾ നല്‍കുന്ന സൂചന. മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ വരുമെന്നും സർവേ ഫലങ്ങൾ പറയുന്നു. പക്ഷേ സർവേഫലങ്ങളുടെ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം.

പ്രതിപക്ഷത്തല്ലെങ്കിലും പിണറായി വിജയനെ നേരിട്ട് വിമർശിക്കുന്നതില്‍ മുന്നിലുള്ളത് എൻഎസ്എസാണ്. എൻഎസ്എസിന് ആരോടും ശത്രുതയില്ല, പക്ഷേ ഉള്ള കാര്യം തുറന്നു പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ലെന്നും എൻഎസ്എസ് പിണറായി വിജയന് മറുപടി നല്‍കി. എൻഎസ്എസും എല്‍ഡിഎഫ് നേതാക്കളും കഴിഞ്ഞ മൂന്ന് ദിവസത്തിലധികമായി തുടരുന്ന ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇനിയും അവസാനമായിട്ടില്ല. മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് എല്‍ഡിഎഫ് നിലപാടെന്നും സാമൂഹിക സംഘടന എന്ന നിലയില്‍ എൻഎസ്എസിന് എന്തും പറയാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് പറഞ്ഞു.

അതോടൊപ്പം മാസങ്ങൾക്ക് മുന്നേ സർക്കാരിന് എതിരെ ഉയർന്നുവന്ന ആഴക്കടല്‍ വിവാദം വീണ്ടും സജീവമായി. മുഖ്യമന്ത്രിയുെട ഓഫീസ് അറിഞ്ഞാണ് ആഴക്കടല്‍ കരാർ എന്നതാണ് പുതിയതെന്ന നിലയില്‍ വരുന്ന വിവാദം. എന്നാല്‍ ഇപ്പോൾ പുറത്തുവരുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുകയാണ്. ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നയാൾ മുഖ്യമന്ത്രിയുടെ ഓഫിസിനെ ബന്ധപ്പെട്ടതില്‍ അപാകതയില്ലെന്നും പിണറായി വ്യക്തമാക്കി.

അതിനിടെ, പിണറായി സർക്കാരിന്‍റെ അഭിമാനമായ കിഫ്‌ബിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. എൻഫോഴ്‌സ്‌മെന്‍റ് കിഫ്‌ബിക്ക് എതിരെ നടത്തിയ അന്വേഷണം വിവാദമായിരുന്നു. ഇതിന് ശേഷമാണ് ആദായനികുതി വകുപ്പും കിഫ്‌ബിയില്‍ പരിശോധന നടത്തിയത്. കിഫ്‌ബിയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നതിനിടെയാണ് പുതിയ പരിശോധനയും അന്വേഷണവും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സർക്കാരിനെ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച വിഷയമായിരുന്നു സോളാർ കേസ്. ഇപ്പോൾ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോൾ സോളാർ പീഡന കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് എതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നു. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. അന്നേദിവസം പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. സോളാർ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. സത്യം മൂടിവെയ്ക്കാൻ സാധിക്കില്ലെന്നും എല്ലാ വാതിലും തുറന്നിട്ടാണ് ഞാൻ ജീവിച്ചതെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ കുറിച്ച് ഉമ്മൻചാണ്ടിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായ ഇരട്ടവോട്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ട വോട്ടുള്ളവരെ വോട്ടു ചെയ്യുന്നതില്‍ നിന്ന് വിലക്കണം എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം.

ABOUT THE AUTHOR

...view details