തിരുവനന്തപുരം: തിരുവനന്തപുരം: ആറുമാസത്തെ രണ്ടാം പിണറായി ഭരണം പാളിച്ചകളുടെ ഘോഷയാത്രയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. സി.പി.എമ്മിനൊപ്പമുള്ള 20 വര്‍ഷത്തെ സഹയാത്ര അവസാനിപ്പിച്ച് കോൺഗ്രസില്‍ തിരച്ചെത്തിയ ചെറിയാൻ ഫിലിപ്പ്, ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
തുടര്‍ഭരണം കിട്ടിയ ശേഷമുള്ള പിണറായിയുടെ നടപടികളില്‍ ധാരാളം പാളിച്ചകളുണ്ട്. പാളിച്ചകള്‍ ഇപ്പോള്‍ അക്കമിട്ടു നിരത്തിയാല്‍ അത് കൂടുവിട്ടു കൂടുമാറിയപ്പോള്‍ അടുപ്പമുള്ള ഒരാളിനെതിരെ ആക്ഷേപമുന്നയിക്കുന്നതായി വിലയിരുത്തപ്പെടുമെന്നതിനാല്‍ അതിനു മുതിരുന്നില്ല. താന്‍ അവിടെയായിരുന്നെങ്കില്‍ പാളിച്ചകള്‍ കൃത്യമായും അദ്ദേഹത്തോടു പറയുമായിരുന്നു. പിണറായി വിജയനെ രക്ഷിച്ചത് പ്രളയവും കൊവിഡുമാണ്.
പിണറായി വിജയന്‍ ഇച്ഛാശക്തിയുള്ള നേതാവെന്ന്: ചെറിയാന്‍ ഫിലിപ്പ് പ്രളയവും കൊവിഡുമുണ്ടായപ്പോള്‍ സുരക്ഷിത ബോധം നഷ്ടപ്പെട്ട കേരള ജനതയ്ക്കു മുന്നില്‍ സുരക്ഷിതത്വം നല്‍കുന്ന നേതാവായി പിണറായി മാറി. അത്തരത്തില്‍ പിണറായിയെ അവതരിപ്പിക്കുന്നതില്‍ തനിക്കും പങ്കുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Also Read: കെ.എസ്.ആർ.ടി.സി ശമ്പളപരിഷ്‌കരണം: ചർച്ച പരാജയം; അർധരാത്രി മുതൽ ബസ് പണിമുടക്ക്
ആറുമാസം പിന്നിടുമ്പോള്‍ തന്നെ ഇത്രയധികം പാളിച്ചകളാണെങ്കില്‍ ഇനിയങ്ങോട്ട് എങ്ങനെയായിരിക്കും. എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി. ബിരുദമില്ലെന്നു പറഞ്ഞ് ചടയന്‍ ഗോവിന്ദന്‍റെ മകനെ പ്യൂണ്‍ സ്ഥാനത്തു നിന്നൊഴിവാക്കി. പക്ഷേ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ക്കു മാത്രം മാറ്റമില്ല. അതിന്‍റെ അര്‍ത്ഥം അവിടെ എന്തോ ചീഞ്ഞു നാറുന്നു എന്നുതന്നെയാണെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
'ആടിനെ പച്ചില കാട്ടി പറ്റിക്കുന്നതു പോലെ'
വിജയസാദ്ധ്യതയില്ലാത്ത സീറ്റുകളില്‍ താൻ സി.പി.എമ്മിനുവേണ്ടി മത്സരിച്ചു. അങ്ങനെയാണ് രാജ്യസഭ എന്ന ആശയം അവര്‍ മുന്നോട്ടു വച്ചത്. ആദ്യം രാജ്യസഭ തരാതിരുന്നതിനു കാരണം പറഞ്ഞെങ്കിലും വീണ്ടും ഒഴിവാക്കിയതിനു വ്യക്തമായ കാരണം പറഞ്ഞില്ല. ആടിനെ പച്ചില കാട്ടി പറ്റിക്കുന്നതു പോലെ സി.പി.എം രാജ്യസഭ കാട്ടി ഇത്രയും കാലം തന്നെ ഒപ്പം കൊണ്ടു നടക്കുകയായിരുന്നു.
ഇനി കോൺഗ്രസിനൊപ്പം
അണ്ണാറക്കണ്ണനും തന്നാലായതുമെന്ന പോലെ കോണ്‍ഗ്രസിന് തന്‍റെ സംഭാവനകള്‍ നല്‍കുമെന്നും ശക്തിയായി കോണ്‍ഗ്രസ് കേരളത്തില്‍ തിരിച്ചുവരുമെന്നും ഇടിവി ഭാരതിനു നല്‍കിയ അഭിമുഖത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.