തിരുവനന്തപുരം:കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതു സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. കൊവിഡ് പ്രതിരോധ പ്രര്‍ത്തനങ്ങളിലൂടെ ഇന്ത്യക്കും ലോകത്തിനും മാതൃക സൃഷ്ടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാകും സര്‍ക്കാരിന്‍റെ അവസാന വര്‍ഷത്തെ മുന്നേറ്റം. കല്ലേറും പൂമാലയുമേറ്റ് നാലു വര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാരിന്‍റെ സുപ്രധാന നാള്‍ വഴികളിലൂടെ...
അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന് പിണറായി സര്‍ക്കാര്‍ എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ കോടതിയില്‍ നിന്ന് അഗ്നിശുദ്ധിവരുത്തി പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റത് 2016 മെയ് 25ന്. മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും പുതുമുഖങ്ങളായിരുന്നതിനാല്‍ പിണറായി വിജയന്‍ എന്ന ഒറ്റ നേതാവില്‍ എല്ലാം കറങ്ങിതിരിഞ്ഞു വന്നു നില്‍ക്കുന്ന സ്ഥിതിയായി. പതിവ് മന്ത്രിസഭാ യോഗങ്ങള്‍ക്ക് ശേഷമുള്ള പത്രസമ്മേളനങ്ങള്‍ ഒഴിവാക്കി തനിക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം പത്രസമ്മേളനം എന്ന മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ തുടക്കത്തിലേ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി ശൈലി തുടര്‍ന്നു. ഏക കേന്ദ്രീകൃത നേതാവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലിയാണ് പിണറായിയുടേതെന്ന് പോലും പ്രതിപക്ഷ വിമര്‍ശനം ഉണ്ടായി. ഓരോ ഫയലും ഒരു ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഭരണം തുടങ്ങിയതെങ്കിലും ഫയല്‍ നീക്കത്തിന് മുഖ്യമന്ത്രി ഉദ്ദേശിച്ച വേഗം ഇപ്പോഴും ഉണ്ടായോയെന്ന് സംശയമാണ്.
ശൈലി വിമര്‍ശിക്കപ്പെട്ടുവെങ്കിലും കേരളത്തില്‍ ചലനമറ്റു കിടന്ന പൊതു വിദ്യാഭ്യാസ മേഖലയെ ആകര്‍ഷകമാക്കുന്നതില്‍ ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അവഗണിക്കാനാകില്ല. അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതിക സൗകര്യങ്ങളിലും ശിക്ഷണ രീതികളിലും അണ്‍ എയ്‌ഡഡ് മേഖല കയ്യടക്കി വച്ചിരുന്ന കുത്തക പൊതുവിദ്യാലയങ്ങള്‍ സ്വന്തമാക്കി. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും സ്മാര്‍ട്ട് ക്ലാസുകളായി. പൊതു വിദ്യാലയങ്ങളെ ഉപേക്ഷിച്ചു പോയവരുള്‍പ്പെടെ അഞ്ച് ലക്ഷം കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്ക് തിരികെ കൊണ്ടു വന്നു എന്നത് ഇടതു സര്‍ക്കാരിന്‍റെ അടിസ്ഥാന വിഭാഗങ്ങളോടുള്ള സമീപനത്തിന്റെ ഉത്തമ ഉദാഹരണം തന്നെ.
2018 മെയ് മാസത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പൊട്ടിപ്പുറപ്പെട്ട നിപ എന്ന മഹാമാരിയെ ഫലപ്രദമായി നേരിട്ട് സര്‍ക്കാരും ആരോഗ്യ വകുപ്പും ശക്തമായ നേതൃപാടവമാണ് പ്രകടമാക്കിയത്. ഒരു മഹാമാരിയായി സംസ്ഥാനത്താകെ പടര്‍ന്നു പിടിക്കേണ്ട വിപത്തിന്‍റെ വ്യാപനം തടയാനും മരണ സംഖ്യ 18ല്‍ ഒതുക്കാനും സര്‍ക്കാരിന് കഴിഞ്ഞത് സര്‍ക്കാരിന്‍റെ മികച്ച നേട്ടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെട്ടത്.
നിപക്ക് പിന്നാലെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളത്തിന് നേരിടേണ്ടി വന്നു. ദിവസങ്ങളോളം കേരളം കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിനിന്നു. എന്നാല്‍ പ്രളയത്തില്‍ വിറങ്ങലിച്ചു നിന്ന കേരളം പിണറായി വിജയന്‍ എന്ന നേതാവിന്‍റെ നേതൃപാടവം ഒരിക്കല്‍ കൂടി കണ്ടു. കേരളത്തെ പുനര്‍ നിര്‍മിക്കുന്നതിനുള്ള റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ആവിഷ്‌കരിച്ച് പ്രളയ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിന് പിന്നിലെ കൃത്യമായ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ പ്രതിപക്ഷം പ്രളയത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനു നേരെ തിരിച്ചു. ഡാമുകള്‍ തുറന്നു വിട്ട് സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ച പ്രളയമാണിതെന്ന് ആരോപണമുയര്‍ത്തി.
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടിന് കനത്ത തിരിച്ചടിയൊന്നോണം 2019 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ കേരള ജനത നല്‍കിയത്. 20 ലോക്‌സഭാ സീറ്റുകളില്‍ 19ലും ഭരണ കക്ഷിയായ എല്‍.ഡി.എഫ് പരാജയം ഏറ്റുവാങ്ങി. സര്‍ക്കാരിലും പാര്‍ട്ടിയിലും പിണറായി വിജയന്‍ എന്ന നേതാവിനേറ്റ തിരിച്ചടിയായി കൂടി ഇത് വിലയിരുത്തപ്പെട്ടെങ്കിലും പ്രതീക്ഷിച്ച പ്രതിഷേധം സര്‍ക്കാരിലോ സി.പി.എമ്മിലോ ഇടതു മുന്നണിയിലോ പിണറായിക്കെതിരെ ഉയര്‍ത്താന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം പാലാ ഉപതെരഞ്ഞെടുപ്പില്‍ അര നൂറ്റാണ്ടായി യു.ഡി.എഫ് കൈവശം വച്ചിരുന്ന സീറ്റ് പിടിച്ചെടുക്കാനായത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തിനിടെ ആശ്വാസമായി. ഇതിലൂടെ ഇടതുമുന്നണിയുടെ ജനകീയ അടിത്തറക്ക് വിള്ളലേറ്റിട്ടില്ലെന്നും തെളിയിക്കാനായി.
കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ വിശ്വാസ്യതക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു 2019 ജൂലൈ 12ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖില്‍ ചന്ദ്രന് കുത്തേറ്റ സംഭവം. കോളജിലെ എസ്.എഫ്.ഐ യൂണിറ്റിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിദ്യാര്‍ഥിക്ക് കോളജില്‍ വച്ച് കുത്തേറ്റത്. എന്നാല്‍ അക്രമികളെ അറസ്റ്റ് ചെയ്തപ്പോഴാണ് പി.സ്.സി പരീക്ഷാ തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്. കേസിലെ ഒന്നാം പ്രതി പൊലീസ് റാങ്ക് പട്ടികയില്‍ ഒന്നാമനെന്ന വിവരം പുറത്തു വന്നു. രണ്ടാം പ്രതിയും ഇതേ റാങ്ക് പട്ടികയില്‍ മുന്‍ നിര റാങ്ക് പട്ടികയില്‍ ഉണ്ടെന്ന് തെളിഞ്ഞതോടെ റാങ്ക് ലിസ്റ്റിന്‍റെ കാര്യത്തില്‍ സംശയം ഉയര്‍ന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കേന്ദ്രീകരിച്ച് നടന്ന വന്‍ പി.എസ്.സി തട്ടിപ്പിന്‍റെ ചുരുളാണഴിഞ്ഞത്. ഈ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ഏഴ് കസ്റ്റഡി മരണങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു.
ലോകമാകെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജനമനസുകളില്‍ സ്ഥാനം നേടാനായെന്ന വിലയിരുത്തലിലാണ് ഇടതു മുന്നണി. ആഗോള മാധ്യമങ്ങള്‍ പോലും കേരള മാതൃകയെ പുകഴ്ത്തുന്നത് സര്‍ക്കാരിനുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല.
കൊവിഡിന് പിന്നില്‍ പിണറായി കളിക്കുന്ന രാഷ്ട്രീയത്തില്‍ തെല്ലൊരാശങ്ക കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിനും ഇല്ലാതില്ല. കൊവിഡ് 19 കഴിഞ്ഞാലും പിണറായി വിജയന്‍റെ ആവനാഴിയില്‍ ആയുധങ്ങള്‍ ഇനിയുമുണ്ടാകും. കാരണം കേരളത്തെ കാത്തിരിക്കുന്നത് രണ്ട് തെരഞ്ഞെടുപ്പാണെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. വരുന്നത് തെരഞ്ഞെടുപ്പാകുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ ആവനാഴിയിലുമുണ്ടാകും സര്‍ക്കാരിനെതിരായ ആയുധങ്ങള്‍. ഏതായാലും സര്‍ക്കാരിന്‍റെ അഞ്ചാമത് വര്‍ഷത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ജീവന്‍ മരണ പോരാട്ടം നയിക്കുമ്പോള്‍ ഇനിയുള്ള ദിവസങ്ങളില്‍ പോര്‍ക്കളത്തില്‍ തീപാറുമെന്നുറപ്പാണ്.