തിരുവനന്തപുരം : മെറ്റയുടെ പുതിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് മണിക്കൂറിനകം 21.3 കെ ഫോളോവേഴ്‌സ്. മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ ഇന്നുമുതല്‍ പങ്കുവച്ചുതുടങ്ങി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ട് കേരളം ഒന്നാം സ്ഥാനത്തെത്തിയെന്നതിനെ അനുകരണീയമായ നേട്ടം എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ത്രെഡ്‌സിലെ പ്രഥമ പോസ്റ്റ്.
എഫ്ബിയിൽ പിണറായി വിജയന്‍റെ സ്വകാര്യ പ്രൊഫൈലിൽ 1.6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. സിഎംഒ കേരള പേജില്‍ 961 കെ ഫോളോവേഴ്‌സ് ഉണ്ട്. ട്വിറ്ററിൽ പിണറായി വിജയന്‍റെ വ്യക്തിഗത അക്കൗണ്ടിന് ഒരു മില്യൺ ഫോളോവേഴ്‌സും ഉണ്ട്. മെറ്റ, ത്രെഡ്‌സ് ആരംഭിച്ചതോടെ മുഖ്യമന്ത്രി ഇവിടെയും ചുവടുറപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രൊഫൈല്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 352 ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അക്കൗണ്ടിന് ആദ്യ ഏഴ് മണിക്കൂറിനുള്ളിൽ 13 കെ ഫോളോവേഴ്‌സ് ഉണ്ട്. ട്വിറ്ററിൽ 89.9 മില്യൺ ഫോളോവേഴ്‌സും 48 മില്യൺ ഫോളോവേഴ്‌സും ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ത്രെഡ്‌സില്‍ പ്രൊഫൈല്‍ ആരംഭിച്ചിട്ടില്ല.
തൊഴിലുറപ്പിൽ കേരളത്തിന്‍റെ നേട്ടം പങ്കുവച്ച് മുഖ്യമന്ത്രി :965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിച്ച് കേരളം അഖിലേന്ത്യ ശരാശരിയെ മറികടന്നതാണ് മുഖ്യമന്ത്രിയുടെ ആദ്യ ത്രെഡ്‌സ് പോസ്റ്റ്. 15,51,272 കുടുംബങ്ങളെ ശാക്തീകരിക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി കുറിച്ചു. ആകെ സൃഷ്‌ടിച്ച 965.67 തൊഴില്‍ ദിനങ്ങളില്‍ 867.44 ലക്ഷം തൊഴില്‍ ദിനങ്ങളും വനിതകള്‍ക്ക് വേണ്ടിയായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനങ്ങളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും ത്രെഡ്‌സിലെ പ്രഥമ കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പിലേര്‍പ്പെട്ടിരിക്കുന്ന സ്‌ത്രീ തൊഴിലാളികളുടെ ചിത്രം കൂടി അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് കണക്കുകള്‍ സഹിതം പുറത്തുവിട്ടത് തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷാണ്.