തിരുവനന്തപുരം : ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന്‍റേത് ഒളിച്ചോട്ട തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് സ്വന്തം നിലപാട് വ്യക്തമാക്കുന്നില്ല. പകരം സിപിഎമ്മിനെ അധിക്ഷേപിക്കുകയാണ്. ദേശീയ തലത്തിൽ കോൺഗ്രസിന് നിലപാടും നയവുമുണ്ടെങ്കിൽ അതെന്താണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്. ഇയാൾ ഹിമാചൽ പ്രദേശ് മന്ത്രി കൂടിയാണ്. കോൺഗ്രസിന്‍റെ നിലപാട് ഇതിൽ നിന്നും വ്യത്യസ്‌തമാണോ?. രാജ്യത്തിന്‍റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയമാണിത്. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപിയെ എതിർക്കുന്നതിലപ്പുറം സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ് മടിക്കുകയാണ്.
ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി അസാധുവാക്കാൻ കേന്ദ്രം നടപ്പാക്കിയ ജനാധിപത്യ വിരുദ്ധ ഓർഡിനൻസിനെ കോൺഗ്രസ് ഫലത്തിൽ അനുകൂലിക്കുന്നതാണ് കാണാനാകുന്നത്. ഭരണഘടന തത്വങ്ങളെ പോലും ആട്ടിമറിക്കാൻ മടിക്കില്ലെന്ന പ്രഖ്യാപനം സംഘപരിവാർ ഈ ഓർഡിനൻസിലൂടെ നടത്തി.
എന്നാൽ കോൺഗ്രസിന്‍റെ ഡൽഹി, പഞ്ചാബ് ഘടകങ്ങൾ തീരുമാനിച്ചത് ഡൽഹി സർക്കാരിനെതിരെ നിലപാടെടുക്കാനാണ്. ദേശീയ നേതൃത്വവും ഡൽഹിയിലെ ആം ആദ്‌മി സർക്കാരിന് പിന്തുണ നൽകാൻ സന്നദ്ധമായില്ല. ഏക സിവിൽ കോഡ് വിഷയത്തിലും വഞ്ചനാപരമായ നിലപാടാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.
സിപിഎം വർഗീയത ആളിക്കത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ് : അതേസമയം ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി പ്രഖ്യാപിച്ച ഏകീകൃത സിവില്‍ കോഡില്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമമെന്ന് കെപിസിസി ആരോപിച്ചു.
ഏക വ്യക്തി നിയമം നടപ്പാക്കുമെന്നാണ് ബിജെപി ആവര്‍ത്തിച്ച് പറയുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക, വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും കെപിസിസി നേതൃയോഗം വിലയിരുത്തി. ഏക വ്യക്തി നിയമത്തിന്‍റെ പേരില്‍ വര്‍ഗീയ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ഗൂഢ ലക്ഷ്യവുമായാണ് സിപിഎം രംഗത്തെത്തിയത്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏക വ്യക്തി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രം പ്രശ്‌നമല്ല. രാജ്യം മുഴുവന്‍ ഒരു നിയമം എന്നാണ് ഏക വ്യക്തി നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരൊറ്റ നിയമം എന്നാണ് ഏക വ്യക്തി നിയമമെന്നത് കൊണ്ട് ലക്ഷ്യമിടുന്നത്.
രാജ്യത്തെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നത് വിവിധങ്ങളായ വ്യക്തി നിയമങ്ങള്‍ മൂലമാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് വ്യക്തി നിയമം ഏകീകരിക്കുന്നതിലൂടെ ബിജെപിയുടെ ലക്ഷ്യമെന്നും കെപിസിസി ചൂണ്ടിക്കാട്ടി. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ തെരുവിൽ ഇറങ്ങി പോരാടേണ്ട കാര്യമല്ലെന്ന് മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയും വ്യക്‌തമാക്കി.
നിയമപരമായും രാഷ്‌ട്രീയപരമായും നേരിടേണ്ട കാര്യമാണിത്. ഇത് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തിന്‍റെ സാമൂഹിക വ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണ്. അതിനാല്‍ എല്ലാ മത സംഘടനകളും ഒരുമിച്ച് പ്രതികരിക്കണമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗം ആവശ്യപ്പെട്ടു.