ഓണം വാരാഘോഷം : വര്‍ണാഭമായ സമാപനത്തിന് സാക്ഷ്യംവഹിക്കാന്‍ കുടുംബ സമേതം മുഖ്യമന്ത്രി തിരുവനന്തപുരം : ഓണം വാരാഘോഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത് കുടുംബസമേതം. ഭാര്യ കമല, മകൾ വീണ, കൊച്ചു മകൻ എന്നിവര്‍ പിണറായി വിജയനോടൊപ്പമുണ്ടായിരുന്നു. ഫൈൻ ആർട്‌സ് കോളജിന് സമീപത്ത് പ്രത്യേകം സജ്ജീകരിച്ച പവലിയനിലിരുന്നാണ് അവര്‍ കാഴ്‌ചകൾ ആസ്വദിച്ചത്. (Pinarayi Vijayan And Family Celebrated Onam Week Celebration)
സ്‌പീക്കർ എ എൻ ഷംസീറും കുടുംബവും മന്ത്രിമാരായ ജി ആർ അനിൽ, ആന്‍റണി രാജു, പി എ മുഹമ്മദ് റിയാസ് ചീഫ് സെക്രട്ടറി വി വേണു, ഡിജിപി ദർവേഷ് സാഹിബ് എന്നിവരും വേദിയിൽ ഉണ്ടായിരുന്നു. ഫൈൻ ആർട്‌സ് കോളജിന് സമീപവും യൂണിവേഴ്‌സിറ്റി കോളജിന് സമീപവുമായാണ് വിഐപികൾക്കായി സീറ്റുകൾ ഒരുക്കിയത്.
എംപി, എംഎൽഎ, ഡിഫൻസ് ഓഫിസേഴ്‌സ്, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവർക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഓണം വാരാഘോഷത്തിന്‍റെ സമാപന ഭാഗമായി നടത്തിയ ഘോഷയാത്ര വെള്ളയമ്പലത്ത് നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്‌തു. വെള്ളയമ്പലം മുതൽ ഘോഷയാത്ര സമാപിക്കുന്ന കിഴക്കേക്കോട്ട വരെ ആയിരക്കണക്കിന് ആളുകൾ ആയിരുന്നു റോഡിന്‍റെ ഇരുവശവും ഘോഷയാത്ര വീക്ഷിക്കുന്നതിനായി എത്തിച്ചേർന്നത്.
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാദ്യോപകരണമായ കൊമ്പ്, ഘോഷയാത്രയുടെ പ്രധാന കലാകാരന് കൈമാറിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സ്‌പീക്കർ എ എൻ ഷംസീറായിരുന്നു ചടങ്ങിൽ മുഖ്യാതിഥി. 3000 ത്തോളം കലാകാരന്മാരും 60 ഫ്ളോട്ടുകളുമാണ് ഇത്തവണ ഘോഷയാത്രയിൽ അണിനിരന്നത്. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും മറ്റ് സേനകളുടെയും ഫ്ലോട്ടുകളുണ്ടായിരുന്നു. തെയ്യം, കഥകളി, വേലകളി, പടയണി, പുലിക്കളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മന്‍കുടം എന്നീ കലാരൂപങ്ങളും പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാൻഡ്മേളം, പെരുമ്പറ മേളങ്ങൾ എന്നിവയും ഘോഷയാത്രയില്‍ താളവിസ്‌മയം തീര്‍ത്തു.
ഒഡിഷ, രാജസ്ഥാന്‍, ഗുജറാത്ത്, അസം, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കലാകാരന്മാരുടെ സംഘങ്ങള്‍ പങ്കെടുത്ത ബോഡോ ഫോക്ക് ഡാന്‍സ്, ചാരി ഫോക്ക് ഡാന്‍സ്, ഡങ്കി, ബദായ് ഡാന്‍സ്, വീരഗേഡ് ഡാന്‍സ്, മയൂര്‍നാട്യ, ഡാസല്‍പുരി, ഫോക്ക് ഡാന്‍സ്, തപ്പു ഡാന്‍സ്, ലാവണി നൃത്തം എന്നിങ്ങനെയുള്ള കലാരൂപങ്ങളും ഘോഷയാത്രയിലുണ്ടായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഘോഷയാത്ര കാണുന്നതിനായി പബ്ലിക്ക് ലൈബ്രറിക്ക് മുന്നില്‍ വിവിഐപി പവലിയനും യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ വിഐപി പവലിയനും മ്യൂസിയം ഗേറ്റിന് മുന്നില്‍ പ്രത്യേക സ്റ്റേജും ഒരുക്കിയിരുന്നു.
ALSO READ : Government's Onam Week-Long Celebration | സർക്കാരിന്‍റെ ഓണം വാരാഘോഷത്തിന് ഇന്ന് കൊടിയിറക്കം, ജില്ലയില്‍ ഉച്ച കഴിഞ്ഞ് അവധി
ഓഗസ്റ്റ് 27 നാണ് ഓണം വാരാഘോഷം ആരംഭിച്ചത്. സമാപന ചടങ്ങിൽ ആർഡിഎക്‌സ് സിനിമ താരങ്ങളായ ആന്‍റണി പെപ്പെ, ഷൈൻ നിഗം, നീരജ് മാധവ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹരിശങ്കർ ആൻഡ് ടീമിന്‍റെ സംഗീത പരിപാടി നിശാഗന്ധിയിൽ അരങ്ങേറുകയും ചെയ്‌തു.