കേരളം

kerala

ETV Bharat / state

'ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട' ; അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രി - ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട

രാജ്യത്തെ സാംസ്‌കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതിയായി മാത്രമേ ഏകീകൃത സിവില്‍ കോഡിനെ കാണാൻ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പിണറായി വിജയൻ  മുഖ്യമന്ത്രി പിണറായി വിജയൻ  ഏകീകൃത സിവിൽ കോഡ്  ബിജെപി  ഏകീകൃത സിവിൽ കോഡിനെതിരെ പിണറായി വിജയൻ  UNIFORM CIVIL CODE  PINARAYI VIJAYAN AGAINST UNIFORM CIVIL CODE  ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട  BJP
ഏകീകൃത സിവില്‍ കോഡ്‌ പിണറായി വിജയൻ

By

Published : Jun 30, 2023, 6:15 PM IST

തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ സാംസ്‌കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി 'ഒരു രാഷ്ട്രം ഒരു സംസ്‌കാരം' എന്ന ഭൂരിപക്ഷ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്ന ഏകീകൃത സിവില്‍ കോഡിന് പകരം വ്യക്തി നിയമങ്ങള്‍ക്കുള്ളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്‌കരണത്തിനും ഭേദഗതികള്‍ക്കും അനുകൂലമായ ശ്രമങ്ങളാണുണ്ടാവേണ്ടത്.

അത്തരം ശ്രമങ്ങള്‍ക്ക് ആ വിശ്വാസ സമൂഹത്തിന്‍റെ പിന്തുണ അത്യാവശ്യവുമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളിലൂടെയാണ് അതുണ്ടാകേണ്ടത്. ഏതൊരു മതത്തിലെയും പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ അവയ്ക്കകത്ത് നിന്നുമാണ് ഉണ്ടായിട്ടുള്ളത്. പെട്ടെന്നൊരു എക്‌സിക്യുട്ടീവ് തീരുമാനത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇത്.

ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മിഷന്‍ 2018 ല്‍ വിലയിരുത്തിയിരുന്നു. ആ നിലപാടില്‍ നിന്ന് വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായി എന്നാണ് പുതിയ നീക്കത്തിന്‍റെ വക്താക്കള്‍ ആദ്യം വിശദീകരിക്കേണ്ടത്.

വ്യത്യസ്‌തതകളെ തച്ചുടയ്‌ക്കുന്ന ഏകരൂപതയല്ല മറിച്ച് വ്യത്യസ്‌തതകളെയും വിയോജിപ്പുകളെയും കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷത. വ്യക്തി നിയമങ്ങളെ പ്രത്യേക അജണ്ട വച്ച് ഏകീകരിക്കലല്ല, മറിച്ച് വിവിധ സാംസ്‌കാരിക വിശ്വാസ ധാരകളുടെ വ്യക്തിനിയമങ്ങളെ കാലോചിതമായി പരിഷ്‌കരിക്കലാണ് ചെയ്യേണ്ട കാര്യം.

ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമ്മിഷനും പിന്മാറണമെന്നും മുഖ്യമന്ത്രി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ഏകീകൃത സിവില്‍ കോഡ് വീണ്ടും ചർച്ചകളിൽ : രണ്ട് നിയമവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോടെയാണ് ഏകീകൃത സിവില്‍ കോഡ് വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇന്ത്യൻ ഭരണഘടന എല്ലാവരുടേയും തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോൾ രണ്ട് നിയമങ്ങൾ ഉപയോഗിച്ച് രാജ്യത്തെ നയിക്കാനാവില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഒരു കുടുംബത്തിന് വ്യത്യസ്‌ത നിയമങ്ങൾ എങ്ങനെയാണ് ബാധകമാവുകയെന്നും ആളുകൾക്ക് രണ്ട് വ്യത്യസ്‌ത നിയമങ്ങൾ ഉണ്ടെങ്കിൽ ഒരു കുടുംബമായി മുന്നോട്ട് പോകാനാകുമോ എന്നുമാണ് പ്രധാനമന്ത്രി ചോദിച്ചത്. ചിലർ ഏകീകൃത സിവില്‍ കോഡിന്‍റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തെ ഉന്നമിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഏകീകൃത സിവില്‍ കോഡിനെ എതിർക്കുന്നവർ യഥാർഥത്തിൽ മുസ്ലിങ്ങളെ പിന്തുണയ്ക്കുന്നവരായിരുന്നെങ്കിൽ മുസ്ലിം സഹോദരങ്ങൾ ദരിദ്രരോ അശരണരോ ആകുമായിരുന്നില്ല. രാജ്യത്തെ തകർക്കാൻ ചിലർ പ്രീണന രാഷ്‌ട്രീയം ഉപയോഗിക്കുന്നു. ഏകീകൃത സിവില്‍ കോഡിനെ എതിർക്കുന്നവർക്ക് ആർത്തി വോട്ടിനോട് മാത്രമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ALSO READ :'രണ്ട് നിയമങ്ങളുമായി രാജ്യത്തിന് എങ്ങനെ പ്രവർത്തിക്കാനാകും'; മുത്തലാഖിനെ വിമർശിച്ച് ഏക സിവിൽ കോഡ് ഉയർത്തി പ്രധാനമന്ത്രി

കൂടാതെ സുപ്രീം കോടതിയും ഏക സിവിൽ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞിരുന്നു. ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. അതേസമയം ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details