കെ. സുരേന്ദ്രന് മാനസികനില തെറ്റിയെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ
ലൈഫ് മിഷൻ അടക്കമുള്ള അഴിമതി വിവരങ്ങൾ പുറത്തുവരുന്നതിന് മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ്‌താവനയോട് പിണറായി വിജയൻ രൂക്ഷമായി പ്രതികരിച്ചു.
തിരുവനന്തപുരം: കെ. സുരേന്ദ്രന് മാനസികനില തെറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ അടക്കമുള്ള അഴിമതി വിവരങ്ങൾ പുറത്തുവരുന്നതിന് മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ്‌താവനയോട് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. രാത്രിയിൽ എന്തൊക്കെയോ തോന്നുകയും അത് പറയുകയും ചെയ്യുന്നു. ഇത്രമാത്രം മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനാക്കിയതിനെ പറ്റി ബി.ജെ.പി ചിന്തിക്കണം. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇത്തരത്തിൽ വിളിച്ച് പറയുന്നത്. ഇതിന് മറുപടി പറയും. ശുദ്ധ അപവാദം വിളിച്ച് പറയുമ്പോൾ അത് അപവാദമായി കാണണം. സാമാന്യമായ മര്യാദ പാലിക്കുന്നുണ്ടോയെന്ന് സമൂഹം പരിശോധിക്കണം. മുഖ്യമന്ത്രി കൊള്ളരുതാത്തവൻ, കുടുംബം അഴിമതിക്കാർ എന്നിങ്ങനെയുള്ള ഹീനമായ പ്രചരണം നടക്കുകയാണ്. ഇതൊന്നും ഇടത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ല. ഓരോരുത്തരുടെ നില വെച്ച് മറ്റുള്ളവരെ അളക്കരുത്. സുരേന്ദ്രൻ അല്ല പിണറായി വിജയെനെന്ന് സുരേന്ദ്രൻ ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.