തിരുവന്തപുരം: ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ.സുധാകരൻ്റെ അവകാശവാദം അദ്ദേഹത്തിൻ്റെ സ്വപ്നം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്നു നടന്ന സംഭവങ്ങൾ ഓർത്തെടുത്ത് പറഞ്ഞ് രൂക്ഷമായാണ് മുഖ്യമന്ത്രി സുധാകരനെ വിമർശിച്ചത്. ഇങ്ങനെ പൊങ്ങച്ചം പറയാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കോളജ് കാലം ഓർത്തെടുത്ത് മുഖ്യൻ
കെ.എസ്.എഫ് സംസ്ഥാന ഭാരവാഹിയും ബ്രണ്ണൻ കോളേജിലെ വിദ്യർഥിയുമായിരുന്നു താൻ കെ.എസ്.എഫ് ആഹ്വാനം ചെയ്തിരുന്ന പരീക്ഷ ബഹിഷ്കരണത്തിൻ്റെ ഭാഗമായാണ് ആ ദിവസം കോളജിൽ എത്തിയത്. അന്ന് തനിക്ക് പരീക്ഷയും ഉണ്ടായിരുന്നു. എന്നാൽ സമരത്തിൻ്റെ ഭാഗമായി പരീക്ഷ എഴുതേണ്ടന്ന് തീരുമാനിച്ചിരുന്നു. ഇതിനിടെ ബഹിഷ്കരണ സമരത്തെ തടയാൻ ഒരു സംഘം കെ.എസ്.യു പ്രവർത്തകർ എത്തി. അതിൽ സുധാകരനും ഉണ്ടായിരുന്നു.
താൻ പഠനം പൂർത്തിയാക്കിയതിനാൽ വിഷയത്തിൽ ഇടപെടാതെ നിൽക്കുകയായിരുന്നു. ഇതിനിടെ സുധാകരൻ തൻ്റെ നേരെ വന്നു. സുധാകരന് നേരെ താൻ രണ്ടു കൈ വച്ച് ശക്തിയായി കൂട്ടിയിടിച്ചു. എന്നാൽ അത് സുധാകരൻ്റെ ശരീരത്തിൽ കൊള്ളിച്ചില്ല. ഇതിനിടെ കെ.എസ്.യു നേതാവായ ബാലൻ വന്ന് വിജയാ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞു തടഞ്ഞു. സുധാകരനെ പിടിച്ചു കൊണ്ടു പോകാൻ താൻ ആവശ്യപ്പെട്ട് താക്കീത് നൽകി വിടുകയാണ് ഉണ്ടായതെന്നും പിണറായി വിജയൻ പറഞ്ഞു.