തിരുവനന്തപുരം: ലോക്‌ഡൗൺ നിബന്ധനകള്‍ ലംഘിച്ച് പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടാകെ കൊവിഡിനെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത ഒന്നാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പായിപ്പാട് പ്രതിഷേധം ആസൂത്രിതം: മുഖ്യമന്ത്രി - latest kottayam
അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതിന്‍റെ പിന്നിൽ സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഉണ്ടെന്ന് സൂചനയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.

അതിഥി തൊഴിലാളികളോട് ഏത് ഘട്ടത്തിലും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം. കൊറോണ വ്യാപനം തൊഴില്‍ നഷ്‌ടപ്പെടുത്തുന്ന ഘട്ടത്തില്‍ അവർക്ക് ഭക്ഷണം, താമസ സൗകര്യം, വൈദ്യ സഹായം എന്നിവ ലഭ്യമാക്കാൻ ഇവിടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. അയ്യായിരത്തോളം ക്യാമ്പുകളിലായി 1,70,000ലേറെ അതിഥി തൊഴിലാളികളെ സംസ്ഥാനത്ത് പാര്‍പ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും അപാകത കണ്ടെത്തിയാല്‍ ഇടപെട്ട് പരിഹരിക്കാന്‍ ജില്ലാ കലക്‌ടർക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അതിഥി തൊഴിലാളികള്‍ എന്ന സംബോധന തന്നെ ഈ നാടിന്‍റെ കരുതലിന്‍റെ സൂചനയാണ്. ഇവിടെ അവര്‍ക്ക് ജീവിതം നയിക്കാനാകാത്ത ഒരു സാഹചര്യവും നിലവിലില്ല. എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്‍റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്‌ടിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്ന സൂചനയാണ്. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തൊഴിലാളികള്‍ക്കെന്നല്ല ആര്‍ക്കും സഞ്ചരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ല. നിന്നിടത്ത് തന്നെ നില്‍ക്കുക എന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നിലപാട്. അതുകൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുക എന്ന അവരുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍വാഹമില്ല. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും അവര്‍ക്കിടയില്‍ നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണര്‍ത്തിയവരെയും അതിനുതകുന്ന സന്ദേശങ്ങള്‍ അയച്ചവരെയും പ്രചാരണം നടത്തിയവരെയും തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.