കേരളം

kerala

ETV Bharat / state

ശബരിമല വിഷയം: പരോക്ഷ പരാമര്‍ശവുമായി മുഖ്യമന്ത്രി - പിണറായി വിജയൻ

ഓരോ നിയമവും വ്യാഖ്യാനിക്കുമ്പോൾ സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം എന്താണെന്നുള്ളത് അഭിഭാഷക സമൂഹം ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പിണറായി വിജയൻ

By

Published : May 25, 2019, 2:19 PM IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പരോക്ഷ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജുഡീഷ്യറിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാൻ സന്നദ്ധതയുള്ള എക്സിക്യുട്ടീവാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യറിയുടെ നിര്‍ദേശങ്ങള്‍ ശരിയായ അര്‍ഥത്തില്‍ നടപ്പിലാക്കാൻ എക്സിക്യുട്ടീവ് ശ്രമിക്കുമ്പോള്‍ അതിനെതിരെ സ്ഥാപിത ശക്തികളുടെ ആക്രമണമുണ്ടായെന്ന് വരും. അത്തരം ഘട്ടങ്ങളില്‍ എക്സിക്യുട്ടീവിന്‍റെ പരിരക്ഷണത്തിന് ജുഡീഷ്യറി ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ബാർ കൗൺസില്‍ സെമിനാറിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനും അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി പ്രയത്നിക്കാൻ തങ്ങൾക്ക് എത്രത്തോളം കഴിയുന്നുവെന്ന് അഭിഭാഷക സമൂഹം വിലയിരുത്തേണ്ടതുണ്ട്. ലജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും തങ്ങളുടെ അധികാര പരിധിയിൽ നിന്ന് പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ സംവിധാനം നിലനിൽക്കുകയും അതിജീവിക്കുകയുമുള്ളൂ. ഒന്ന് മറ്റൊന്നിന്‍റെ അധികാരപരിധിയിൽ കടന്നുകയറാൻ ശ്രമിച്ചാൽ സംവിധാനം തകർന്നടിയും. അത് ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എക്സിക്യൂട്ടീവിന് ഒരു നിർദേശം നൽകുമ്പോൾ അത് നടപ്പാക്കാനുള്ള വിഭവപരവും ഭൗതികവുമായ സാഹചര്യങ്ങൾ എക്സിക്യൂട്ടീവിന്‍റെ പക്കലുണ്ടോ എന്ന് ജുഡീഷ്യറി ആലോചിക്കുമെങ്കിൽ അത് മാതൃകാപരമാകും. ജുഡീഷ്യറിയുടെ നിർദേശം നടപ്പാക്കുകയും വേണം എന്നാൽ അത് നടപ്പാക്കാനുള്ള സാമ്പത്തിക വിഭവശേഷിയില്ലെന്ന വൈഷമ്യ അവസ്ഥയിലേക്ക് എക്സിക്യൂട്ടീവിനെ തള്ളിവിടുന്ന നിർദേശം ആകാതിരിക്കാൻ ജുഡീഷ്യറി ശ്രമിക്കുന്നത് എപ്പോഴും നന്നായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. നിയമം നിയമത്തിനു വേണ്ടി ഉള്ളതല്ല മനുഷ്യനു വേണ്ടിയുള്ളതാണ്. അങ്ങനെയല്ലാത്ത നിയമത്തെ ജനങ്ങൾ ആദരിച്ചു കൊള്ളണമെന്നില്ലെന്നുള്ള ഉൾക്കാഴ്ച ഉണ്ടാകണം. ഓരോ നിയമവും വ്യാഖ്യാനിക്കുമ്പോൾ സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം എന്താണെന്നുള്ളത് അഭിഭാഷക സമൂഹം ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details