തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടന ചർച്ചകൾ സജീവം (Cabinet reorganization discussion in the Left Front). എല്‍ഡിഎഫിലെ നിലവിലെ ധാരണ പ്രകാരം രണ്ടരവർഷം കഴിയുമ്പോൾ രണ്ട് ഘടകകക്ഷി മന്ത്രിമാർ മാറുകയും മറ്റു ഘടകകക്ഷി മന്ത്രിമാർക്ക് മന്ത്രിസ്ഥാനം കൈമാറുകയും ചെയ്യണം. ഇതിന്‍റെ അടിസ്ഥാനത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും ഗതാഗത മന്ത്രി ആൻറണി രാജുവും മന്ത്രിസ്ഥാനം രാജിവയ്‌ക്കുമെന്നാണ് സൂചന. പകരം കേരള കോൺഗ്രസ് ബി പ്രതിനിധി കെ.ബി. ഗണേഷ് കുമാറും, കോൺഗ്രസ് എസ് പ്രതിനിധി രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും.
അടുത്തമാസം ആദ്യം ഈ ധാരണ നടപ്പിലാക്കാനുള്ള നടപടികൾ എല്‍ഡിഎഫ് തുടങ്ങിയിട്ടുണ്ട്. ഈമാസം 20 ന് ചേരുന്ന ഇടതു മുന്നണി യോഗത്തിലും വെള്ളിയാഴ്‌ച മുതൽ ചേരുന്ന സി പി എം നേതൃയോഗത്തിലും മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച് തീരുമാനമുണ്ടാകും. എന്നാല്‍ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ വിരുദ്ധാഭിപ്രായമുണ്ടെന്നാണ് സൂചന. സോളാർ വിഷയത്തിലടക്കം വീണ്ടും ഗണേഷ് കുമാറിന്‍റെ പേര് ഉയർന്നതും സിപിഎം മന്ത്രിമാരെ നിരന്തരം വിമർശിക്കുന്നതുമാണ് സിപിഎമ്മിൽ വിരുദ്ധാഭിപ്രായം ഉയരാൻ കാരണം. ഇതോടൊപ്പം തന്നെ ഗതാഗത വകുപ്പ് ഏറ്റെടുക്കുന്നതിൽ ഗണേഷ് കുമാറിനും വിമുഖതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.