കേരളം

kerala

ETV Bharat / state

ജനക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് അധികാരത്തിലേക്ക്, പക്ഷേ ഇരുട്ടടിയേല്‍പ്പിച്ച് നികുതി വര്‍ധനയും വിലക്കയറ്റവും - സെസ്

രണ്ടാം പിണറായി സർക്കാർ വാർഷികാഘോഷത്തിന്‍റെ നിറവിൽ നിൽക്കുമ്പോൾ നികുതി വർധനവിലും വിലക്കയറ്റത്തിലും നടുവൊടിഞ്ഞിരിക്കുകയാണ് കേരളത്തിലെ സാധാരണക്കാർ

pinarayi govt anniversary  tax  pinarayi govt tax hike  ses  Budget tax hike  pinarayi govt budget  kerala finance minister  kerala budget 2023  പിണറായി  ജനക്ഷേമ പദ്ധതികള്‍  നികുതി വര്‍ധന  വിലക്കയറ്റം  രണ്ടാം പിണറായി സർക്കാർ  ക്ഷേമ പെന്‍ഷൻ  സെസ്  ഭൂമി രജിസ്‌ട്രേഷൻ ഫീസ്
നികുതി

By

Published : May 19, 2023, 6:35 PM IST

തിരുവനന്തപുരം :ഒന്നാം പിണറായി സര്‍ക്കാറിന്‍റെ അവസാന വര്‍ഷങ്ങളിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങളായിരുന്നു ഭരണ തുടര്‍ച്ചയെന്ന ചരിത്രനേട്ടത്തിലേക്ക് ഇടതുമുന്നണിയെ എത്തിച്ചത്. കൊവിഡ് കാലത്തെ ഭക്ഷ്യ കിറ്റ് വിതരണവും മുടക്കമില്ലാത്ത ക്ഷേമ പെന്‍ഷനുമെല്ലാം ഇതില്‍ ചിലത് മാത്രമാണ്. എന്നാല്‍ തുടര്‍ ഭരണം രണ്ടാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്ഥിതിയാകെ മാറി.

തെരഞ്ഞെടുപ്പ് ഇല്ലാത്ത വര്‍ഷത്തില്‍ അധിക വിഭവ സമാഹരണത്തിനും നികുതി പിരിവ് ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ മലയാളികള്‍ പെടാപ്പാട് പെടുകയാണ്. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ രണ്ടാം ബജറ്റ് ജനത്തെയാകെ പിഴിഞ്ഞ് നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ളതായിരുന്നു. പെട്രോള്‍ സെസ്, രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന, മദ്യ വില വര്‍ധന തുടങ്ങി നേരിട്ടും അല്ലാതെയും ബാധിക്കുന്ന എല്ലാ മേഖലയിലും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇതിന് പുറമെയാണ് വെള്ളക്കരം, വൈദ്യുതി എന്നിവയിലും നിരക്ക് വര്‍ധന. വെള്ളക്കരത്തില്‍ ലിറ്ററിന് ഒരു പൈസയുടെ മാത്രം വര്‍ധനയെന്ന് പറഞ്ഞ് ന്യായീകരിക്കുമ്പോഴും അത് പ്രതിമാസ ബില്ലില്‍ 300 രൂപയ്‌ക്ക് മുകളില്‍ വര്‍ധനയുണ്ടാക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഒരു നിരക്ക് വര്‍ധന കൂടി വൈദ്യുത മേഖലയില്‍ ഉടന്‍ ഉണ്ടാകാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്.

സെസ് വർധന സാമൂഹ്യ സുരക്ഷയ്‌ക്കോ ? : ഇന്ധന സെസാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രണ്ട് രൂപയാണ് ഇന്ധന സെസായി ഈടാക്കുന്നത്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിനായി സാമൂഹ്യ സുരക്ഷ ഫണ്ട് കണ്ടെത്തുന്നതിനാണ് ഈ സെസ് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കി അത് സര്‍ക്കാര്‍ തന്നെ പിടിച്ചുപറിക്കുന്ന സ്ഥിതിയാണ് കേരളത്തിലെന്നാണ് ഉയരുന്ന വിമര്‍ശനം.

ഇരുട്ടടിയായി ഭൂമി രജിസ്‌ട്രേഷൻ ഫീസ് വർധന : മില്‍മ പാലിന് ആറ് രൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. പാല്‍ വില വര്‍ധന സംബന്ധിച്ച് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയുന്നത് തന്നെ മാധ്യമങ്ങളിലൂടെയായിരുന്നു. ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസിലെ വര്‍ധനയാണ് മറ്റൊന്ന്. ന്യായ വിലയിലും വര്‍ധന വരുത്തിയിട്ടുണ്ട്. ന്യായ വിലയില്‍ 20 ശതമാനത്തിന്‍റെ വർധനവ് വരുത്തിയതോടെ രജിസ്‌ട്രേഷന്‍ ഫീസില്‍ വലിയ വര്‍ധനയുണ്ടായി.

സെന്‍റിന് ഒരു ലക്ഷം രൂപവരെ ഉണ്ടായിരുന്ന ന്യായ വില ഇപ്പോള്‍ 1,20,000 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതിന് ആനുപാതികമായി രജിസ്‌ട്രേഷന്‍ ഫീസില്‍ സെന്‍റിന് 2000 രൂപ വരെ വര്‍ധിച്ചു. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് കുത്തനെ കൂട്ടിയിരിക്കുകയാണ്. പഞ്ചായത്ത് പരിധിയില്‍ 12,000 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിനുളള അപേക്ഷാഫീസ് 30 രൂപയില്‍ നിന്ന് 1000 രൂപയായി ഉയര്‍ത്തി.

എ ഐ ക്യാമറ കൊടുത്ത പണി : പെര്‍മിറ്റ് ഫീസ് 392 രൂപയില്‍ നിന്ന് 56,000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിനെതിരെ സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിട്ടുണ്ട്. ഈ വര്‍ധനവ് പിന്‍വലിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. എ ഐ കാമറ സ്ഥാപിച്ച് ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ വിവാദങ്ങള്‍ ഏറെയുണ്ടങ്കിലും അതില്‍ സാധാരണക്കാരെ ബാധിക്കുന്നത് ഇരുചക്രവാഹനത്തില്‍ അച്ഛനും അമ്മയ്‌ക്കുമൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്‌താല്‍ പിഴയടയ്‌ക്കേണ്ടി വരുമെന്നതാണ്. ഈ നിയമവും സര്‍ക്കാറിനെതിരായ വിമര്‍ശനമായി ഉയരുകയാണ്.

കേന്ദ്ര നിയമം എന്നുപറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ തടി തപ്പാന്‍ ശ്രമിക്കുമ്പോഴും നിലവിലെ ജനവിരുദ്ധമായ നടപടികള്‍ക്കൊപ്പം ഇതും പിണറായി സര്‍ക്കാറിന് മേല്‍ വിമര്‍ശനമായി നിലനില്‍ക്കുകയാണ്. റേഷന്‍ വിതരണത്തില്‍ നിരന്തരമായുണ്ടാകുന്ന തടസവും സര്‍ക്കാറിനെ സാധാരണക്കാരില്‍ നിന്നകറ്റുകയാണ്. ഇ-പോസ്റ്റ് മെഷീനിലെ തകരാറെന്ന് പറയുന്നുണ്ടെങ്കിലും നിരന്തരമായുണ്ടാകുന്ന ഈ വീഴ്‌ച പരിഹരിക്കാന്‍ സര്‍ക്കാറിന് കഴിയാത്തതിലാണ് വിമര്‍ശനം.

മദ്യവിലയും കൂട്ടി : രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം രണ്ടുതവണയാണ് മദ്യത്തിന്‍റെ വില വര്‍ധിപ്പിച്ചത്. എല്ലാ തവണയും എന്ന പോലെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ക്ഷേമപദ്ധതികള്‍ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ വാര്‍ഷികം മുതലുള്ള ഈ പതിവ് ഇത്തവണയും നടക്കുന്നുണ്ട്. നാടുമുഴുവന്‍ നടത്തുന്ന ഉദ്‌ഘാടന മഹാമഹങ്ങള്‍ക്കാണെങ്കിൽ യാതൊരു കുറവുമില്ല.

യാഥാര്‍ഥ്യമാക്കിയ പദ്ധതികൾ : മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ നല്‍കുക, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ലൈഫ് മിഷനില്‍ കൂടുതല്‍ വീടുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി, അന്യഭാഷ തൊഴിലാളികള്‍ക്ക് മലയാളഭാഷാ പഠനത്തിനായി അനന്യ മലയാളം അതിഥി മലയാളം, പട്ടയ മേള, വാട്ടര്‍ മെട്രോ എന്നിവയെല്ലാം രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി യാഥാര്‍ഥ്യമാക്കിയ പദ്ധതികളാണ്. സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്നതാണ് ഈ പദ്ധതികളെങ്കിലും ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിലുള്ള വിലക്കയറ്റം നിയന്ത്രിക്കാനാകാത്തത് സര്‍ക്കാരിന്‍റെ വലിയ വീഴ്‌ചയാണ്.

ജനത്തെ മറന്നൊരു ബജറ്റ് :സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുകയെന്നതാണ് സംസ്ഥാന സര്‍ക്കാറിന്‍റെ ലക്ഷ്യം. അതിനായി നികുതി വരുമാനം വര്‍ധിപ്പിക്കുക, സെസ് അടക്കം കേന്ദ്രവുമായി പങ്കുവയ്‌ക്കേണ്ട വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കി മുന്നോട്ടുപോയപ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ ഒട്ടും തന്നെ പരിഗണിച്ചില്ല. തെരഞ്ഞെടുപ്പുകള്‍ ഒന്നും ഇല്ലാത്ത വര്‍ഷത്തില്‍ പരമാവധി വരുമാനം നേടലാണ് സര്‍ക്കാര്‍ ലക്ഷ്യം. അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ ഇത്തരത്തില്‍ ജനങ്ങളെ ഞെക്കിപ്പിഴിയാന്‍ കഴിയില്ലെന്ന ബോധ്യവും സര്‍ക്കാറിനുണ്ട്.

2024 മുതല്‍ തെരഞ്ഞെടുപ്പ് വര്‍ഷങ്ങളാണ് വരുന്നത്. 2024ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പും അതിനടുത്ത വര്‍ഷങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പും 2026ല്‍ നിയമസഭ തെരഞ്ഞെടുപ്പും നടക്കും. തെരഞ്ഞെടുപ്പില്ലാത്ത വര്‍ഷങ്ങളില്‍ എന്ത് ജനം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നാണ് ഈ നികുതി കൊളളയില്‍ ഉയരുന്ന വിമര്‍ശനം.

ABOUT THE AUTHOR

...view details