തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നേതാവ്. പിണറായി വിജയൻ വീണ്ടും നിയമസഭയിലേക്ക്. പ്രതിസന്ധികളില്‍ തളരാതെ കേരളത്തെ കൈപിടിച്ചു നിർത്തിയ പിണറായി തുടർച്ചയായി രണ്ടാം തവണയാണ് ധർമടം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുഖമായി മാറിയ പിണറായി വിജയന് വേണ്ടി ധർമടം വീണ്ടും ചുവന്നു.
ധർമടം വീണ്ടും ചുവന്നു; പിണറായിക്ക് വേണ്ടി - നിയമസഭ തെരഞ്ഞെടുപ്പ്
തുടർച്ചയായി രണ്ടാം തവണയും ധർമടം പിണറായി പിടിച്ചടക്കി
ആറാം തവണയാണ് പിണറായി വിജയൻ നിയമസഭയിലെത്തുന്നത്. 1970ൽ 26-ാം വയസിലാണ് കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പിണറായി ആദ്യമായി നിയമസഭയിലെത്തിയത്. 1977ലും 1991ലും കൂത്തുപറമ്പിൽ വിജയം ആവർത്തിച്ചു. 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു. ശേഷം പാര്‍ട്ടി നേതൃത്വത്തിലേക്ക് കളം മാറ്റി ചവിട്ടിയ പിണറായി 2016ല്‍ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തി. 2016ല്‍ ധര്‍മടത്ത് നിന്നാണ് പിണറായി ജനവിധി തേടിയത്. ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ പിണറായി വീണ്ടും നിയമസഭയിലെത്തി. പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും മുഖമായി കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി നിയമസഭയിലും പുറത്തും സജീവമായിരുന്നു. വീണ്ടും ജയിച്ചുവരുമ്പോൾ കേരളം വലിയ പ്രതീക്ഷയിലാണ്.