തിരുവനന്തപുരം : സംസ്ഥാനത്തെ 42 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന്റെ ജനപിന്തുണ വർധിക്കുന്നതിന്‍റെ തെളിവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെടുപ്പ് നടന്ന 42 വാർഡുകളിൽ 24 എണ്ണവും നേടി ഉജ്വല ജയമാണ് എൽ.ഡി.എഫ് കരസ്ഥമാക്കിയത്. യുഡിഎഫിൻ്റേയും ബിജെപിയുടേയും ജനദ്രോഹ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയം ജനപിന്തുണയുടെ അടയാളമെന്ന് മുഖ്യമന്ത്രി - തദ്ദേശ ഉപ തെരഞ്ഞെടുപ്പ് വിജയം ജന പിന്തുണയുടെ അടയാളം
യുഡിഎഫിൻ്റേയും ബിജെപിയുടേയും ജനദ്രോഹ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി
യുഡിഫ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ മറ നീക്കി പുറത്തു വന്നു. യു.ഡി.എഫും ബിജെപിയും ഉയർത്തുന്ന അക്രമ, ജനവിരുദ്ധ രാഷ്ട്രീയനിലപാടുകൾ കണക്കിലെടുക്കാത്ത ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണ്. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന സർക്കാർ നയങ്ങളോടൊപ്പമാണ് ജനങ്ങളെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വോട്ടെടുപ്പ് നടന്ന 42 വാർഡുകളിൽ 24 എണ്ണവും എൽ.ഡി.എഫ് നേടിയപ്പോൾ അതിന്‍റെ പകുതി (12) വാർഡുകളിൽ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. ബിജെപി 6 വാർഡുകളിലും വിജയിച്ചു. എൽ ഡി എഫ് ജയിച്ചതിൽ 7 വാർഡുകൾ യു.ഡി.എഫിൽ നിന്നും 2 വാർഡുകൾ ബിജെപിയിൽ നിന്നും പിടിച്ചെടുത്തതാണ്. വിജയികള്‍ക്കും അതിനായി പ്രയത്നിച്ചവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.