തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ഇതോടെ 16 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് പിജി ഡോക്ടര്‍മാര്‍ ജോലിക്ക് കയറി.
കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കും, സ്‌റ്റൈപന്‍ഡില്‍ അപാകതകളുണ്ടെങ്കില്‍ പരിഹരിക്കും തുടങ്ങിയ ഉറപ്പുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ചത്. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം സംബന്ധിച്ച് കെ.എം.പി.ജി.എ ഉന്നയിച്ച് കാര്യങ്ങള്‍ പഠിക്കാനും റസിഡന്‍സി മാനുവല്‍ നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനും സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രിയും ഉറപ്പ് നൽകിയിരുന്നു.
സമരത്തിന്‍റെ ഫലമായി 307 ജൂനിയര്‍ ഡോക്ടര്‍മാരെ ഇതിനോടകം താല്‍ക്കാലികമായി നിയമിച്ചു. വ്യാഴാഴ്ച പിജി ഡോക്ടര്‍മാര്‍ സമരം മയപ്പെടുത്തിയിരുന്നു. കാഷ്വാലിറ്റി, ലേബര്‍ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളില്‍ ഇന്നലെ മുതല്‍ പിജി ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചു.
READ MORE: പി.ജി ഡോക്ടര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റിനെ അപമാനിച്ചതായി ആരോപണം
അതേസമയം ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാനെത്തിയ പിജി ഡോക്ടര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അജിത്രയെ ജീവനക്കാര്‍ അപമാനിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാന്‍ കാത്തിരിക്കുമ്പോള്‍ ഐഡി കാര്‍ഡുള്ള ഒരാള്‍ വന്ന് തന്നോട് കാല്‍ താഴ്ത്തി ഇട്ട് ഇരിക്കാന്‍ പറയുകയായിരുന്നു. ഇവിടെ ഒരുപാട് വലിയ ആളുകള്‍ വരുന്നതാണ് എന്നും പറഞ്ഞു. തനിക്ക് സൗകര്യപ്രദമായി രീതിയിലാണ് ഇരിക്കുന്നതെന്നും എന്താണ് കാലിന് മുകളില്‍ കാൽ കയറ്റി വച്ച് ഇരുന്നാല്‍ എന്നും ചോദിച്ചു. എന്നാല്‍ തുണിയുടുക്കാതെ നടന്നോ എന്ന് ഇയാള്‍ മറുപടി പറഞ്ഞതായാണ് അജിത്രയുടെ ആരോപണം.