തിരുവനന്തപുരം:പേട്ടയിൽ മകളുടെ സുഹൃത്തായ കൗമാരക്കാരനെ പിതാവ് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഫോൺ രേഖകൾ പുറത്ത്. കൊല്ലപ്പെട്ട അനീഷ് ജോർജിൻ്റെ അമ്മയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മ വിളിച്ചതിൻ്റെ രേഖകളാണ് പുറത്തുവന്നത്. കള്ളനാണെന്ന് കരുതി അനീഷിനെ കുത്തിയെന്ന് പ്രതി സൈമൺ ലാലൻ്റെ മൊഴി കളവാണെന്ന് തെളിയിക്കുന്നതാണ് ഫോൺ രേഖകൾ.
ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ബുധനാഴ്ച (ഡിസംബർ 29) 3.30നാണ് അനീഷ് കൊല്ലപ്പെട്ടതായി പൊലീസ് കണക്കാക്കുന്നത്. 3.20നാണ് അനീഷിൻ്റെ അമ്മയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയുടെ മിസ്‌ഡ് കോൾ വന്നത്.
4.30ന് അനീഷിനെ അമ്മ തിരികെ വിളിച്ചപ്പോൾ വ്യക്തമായ മറുപടി നൽകിയില്ല. പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടാൻ പെൺകുട്ടിയുടെ അമ്മ പറഞ്ഞതായാണ് വെളിപ്പെടുത്തൽ.
READ MORE: തിരുവനന്തപുരത്ത് രാത്രിയില്‍ മകളെ കാണാനെത്തിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു
അനീഷാണെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് പ്രതി ലാലൻ കൊല നടത്തിയതെന്ന പൊലീസിൻ്റെ നിഗമനം ശരിവയ്ക്കുന്നതാണ് ഫോൺ രേഖകൾ. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. അതേസമയം കൊലപാതകത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള ആരോപണങ്ങൾ ആദ്യഘട്ടത്തിൽ തള്ളിയ പൊലീസിന് ഫോൺ രേഖകൾ പരിശോധിച്ചും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടി വരും.
READ MORE: പേട്ടയിലെ വിദ്യാർഥിയുടെ കൊലപാതകം : പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
രാത്രി പെൺകുട്ടിയെ കാണാൻ എത്തിയതായിരുന്നു അനീഷ് ജോർജ്. മകളുടെ മുറിയിൽ ശബ്ദം കേട്ടതിനെത്തുടർന്ന് ലാലൻ ആയുധവുമായെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കാതിരുന്നതോടെ വാതിൽ തല്ലിത്തകർത്ത് അകത്തുകയറിയ ലാലൻ യുവാവുമായി പിടിവലിയുണ്ടായതായും ഇതിനിടെ കുത്തുകയായിരുന്നുവെന്നുമാണ് വിവരം. പെൺകുട്ടിയുടെ പിതാവായ പ്രതി ലാലൻ തന്നെയാണ് കൃത്യത്തിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചത്.