കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് നികുതി വര്‍ധന ഇന്നു മുതല്‍; പെട്രോളിനും ഡീസലിനും രണ്ട് രൂപ ഉയരും, പ്രതിഷേധിച്ച് യുഡിഎഫ്

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദേശം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വിഷയത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും

Petrol Diesel tax hike in Kerala  Petrol Diesel tax  Petrol Diesel tax Kerala  Petrol Diesel tax hike  സംസ്ഥാനത്ത് നികുതി വര്‍ധന ഇന്നു മുതല്‍  നികുതി വര്‍ധന  യുഡിഎഫ്  സാമൂഹ്യ സുരക്ഷ സെസ്  കരിദിനം  യുഡിഎഫ്
സംസ്ഥാനത്ത് നികുതി വര്‍ധന ഇന്നു മുതല്‍

By

Published : Apr 1, 2023, 8:08 AM IST

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന ബജറ്റ് നിര്‍ദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം നൽകണം. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനാണ് ഇന്ധന നിരക്ക് രണ്ട് രൂപ വീതം വർധിപ്പിച്ചതെന്നാണ് സർക്കാർ വാദം.

ഇതിലൂടെ 750 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല 500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപയും 1,000 രൂപയക്ക് മുകളിലുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 40 രൂപയും അധികമായി ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. 400 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ നിരക്ക് വർധനവിലൂടെ പ്രതീക്ഷിക്കുന്നത്.

ഇതോടൊപ്പം ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനും ഇന്ന് മുതല്‍ പ്രാബല്യമുണ്ടാകും. വിപണി വിലയും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുന്നത് എന്നാണ് ധനമന്ത്രി ഇത് സംബന്ധിച്ച് മുന്നോട്ട് വയ്ക്കുന്ന ന്യായം. അതേസമയം കെട്ടിട നിർമാണ പെർമിറ്റ് അടക്കം തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസുകൾ വൻതോതിൽ കൂട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ബജറ്റ് നിർദേശത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ പരിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് തദ്ദേശ ഭരണ വകുപ്പ് ഫീസ് നിരക്കുകൾ ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷ ഫീസ് ചതുരശ്ര മീറ്ററിന് 300 മുതൽ 3,000 രൂപ വരെയായി ഉയരും. കോർപറേഷനിൽ 300 മുതൽ 5,000 വരെയും മുൻസിപ്പാലിറ്റിയിൽ 300 മുതൽ 4,000 വരെയുമാണ് പുതുക്കിയ ഫീസ്. ഏപ്രിൽ 10 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.

സംസ്ഥാന വ്യാപക പ്രതിഷേധവുമായി യുഡിഎഫ്:അതേസമയം ഇന്ധന വില രണ്ട് രൂപ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലയിൽ രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് യുഡിഎഫ് പ്രകടനം നടത്തും. യുഡിഎഫ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്‌ജ് ധരിച്ച് കരിങ്കൊടി ഉയര്‍ത്തി പന്തം കൊളുത്തി പ്രതിഷേധിക്കും.

കേന്ദ്ര സര്‍ക്കാര്‍ അടിയ്‌ക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്കു മേല്‍ മറ്റൊരു ഭാരം കൂടി അടിച്ചേല്‍പ്പിക്കുന്നതാണ് രണ്ട് രൂപയുടെ പെട്രോള്‍, ഡീസല്‍ സെസ് എന്നാരോപിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിയമസഭയിലും പുറത്തും പ്രതിഷേധിച്ചിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. ഒരേ സമയം കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനെ എതിര്‍ക്കുകയും അതേസമയം സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

ABOUT THE AUTHOR

...view details