തിരുവനന്തപുരം: കേന്ദ്രബജറ്റിന് പിന്നാലെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്. ബജറ്റില്‍ റോഡ് സെസ്, ഇന്ധന എക്‌സൈസ് തീരുവ എന്നീ ഇനങ്ങളില്‍ ഓരോ രൂപയുടെ വര്‍ധന പ്രഖ്യാപിച്ചതോടെയാണ് പെട്രോൾ-ഡീസല്‍ വിലയും വര്‍ധിച്ചത്. ഇവക്ക് പുറമേ സംസ്ഥാന നികുതി കൂടി ഉൾപ്പെടുന്നതും വില വര്‍ധനക്ക് കാരണമായി. എന്നാല്‍ വില വര്‍ധന കാരണം സംസ്ഥാനത്തിന് അധിക വരുമാനം ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധന ജനവിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേന്ദ്രബജറ്റിന് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ- ഡീസല്‍ വില വര്‍ധന - കേന്ദ്രബജറ്റ്
രണ്ട് രൂപയിലധികമാണ് വില കൂടിയത്
പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവും വില്‍പന നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 76.22 രൂപയും ഡീസലിന് 71.64 രൂപയുമായപ്പോള്‍ കൊച്ചിയില്‍ പെട്രോളിന് 74.81 രൂപയും ഡീസലിന് 70.51 രൂപയുമാണ് വര്‍ധിച്ചത്. കോഴിക്കോട് പെട്രോളിന് 75.24 രൂപയും ഡീസലിന് 70.74 രൂപയുമായി വര്‍ധിച്ചു.
ഇന്ധന വില വര്‍ധിക്കുന്നതോടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വര്‍ധനവുണ്ടാവും. ഈ സാഹചര്യത്തില്‍ ഇന്ധന വില വര്‍ധന തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുകയാണ് പരിഹാരം. എന്നാല്‍ പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അതിന് തയ്യാറാകാന്‍ സാധ്യതയില്ല.