കേരളം

kerala

ETV Bharat / state

'ലോകായുക്ത വിധിയില്‍ വ്യക്തതയില്ല' ; ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും - relief fund misuse case against Kerala CM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസില്‍ രണ്ടംഗ ബഞ്ചിന് ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കേസ്, ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും അടങ്ങിയ ഫുള്‍ ബഞ്ചിന് വിട്ടാണ് വിധി പുറപ്പെടുവിച്ചത്

disaster relief fund verdict lokayukta  high court disaster relief fund verdict lokayukta  ലോകായുക്ത വിധി  ഹൈക്കോടതി
ലോകായുക്ത വിധി

By

Published : Apr 1, 2023, 5:06 PM IST

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ ലോകായുക്ത വിധിയില്‍ വ്യക്തത തേടി ഹര്‍ജിക്കാരന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലേക്ക്. ഹര്‍ജിക്കാരനും കൊച്ചി, കേരള സര്‍വകലാശാലകളിലെ മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. ആര്‍എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നത്. വിധിയുടെ വിശദാംശങ്ങളും വിധി പകര്‍പ്പും ലഭിച്ച ശേഷമായിരിക്കും ഹൈക്കോടതിയെ സമീപിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

'അവ്യക്തമായ കോടതി വിധി മുന്‍പ് ഉണ്ടായിട്ടില്ല':ബഞ്ചിന് ഭിന്നാഭിപ്രായമാണെന്ന് വിധി പ്രസ്‌താവത്തില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ലോകായുക്തയാണോ ഉപലോകായുക്തയാണോ കേസിന് അനുകൂലമായി വിധി പ്രസ്‌താവിച്ചതെന്ന് വ്യക്തമാക്കുന്നില്ല. സാധാരണ ഭിന്ന വിധിയുണ്ടായാല്‍ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിധികള്‍ പുറത്തുവിടാറുണ്ട്. മാത്രമല്ല, അനുകൂല വിധിയില്‍ പറയുന്ന കാര്യങ്ങള്‍ എന്തെന്നോ പ്രതികൂല വിധിയില്‍ ചൂണ്ടിക്കാട്ടുന്നതെന്തെന്നോ വ്യക്തമാക്കുന്നില്ല.

READ MORE|മുഖ്യന് താത്കാലിക ആശ്വാസം: ലോകായുക്തയ്ക്കും മുഖ്യമന്ത്രിക്കും നേരെ ആരോപണമുന തിരിച്ച് പ്രതിപക്ഷം

ഇത്രയും അവ്യക്തമായ ഒരു കോടതി വിധി ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. മാത്രമല്ല, ഈ കേസ് 2019 ജനുവരി 14ന് ഫയല്‍ ചെയ്‌തപ്പോള്‍ ഇത് ലോകായുക്തയുടെ പരിധിയില്‍ വരുന്നത് സംബന്ധിച്ച പ്രാഥമിക വാദം നടന്നിരുന്നു. കേസ് ഗൗരവമുള്ളതാണെന്നും ലോകായുക്തയുടെ പരിധിയില്‍ വരുമെന്നും വിശദമായി അന്വേഷണം വേണമെന്നും അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ബഞ്ച് വിധിക്കുകയും ചെയ്‌തിട്ടുണ്ട്. മാത്രമല്ല ലോകായുക്ത നിയമം അനുസരിച്ച് ലഭിക്കുന്ന പരാതികള്‍ ലോകായുക്തയുടെ പരിധിയില്‍ വരുന്നതാണോ എന്ന പ്രാഥമിക വാദത്തിനുശേഷമാണ് ഫയലില്‍ സ്വീകരിക്കുന്നത്.

'ഇത്രയും ദിവസം എന്തിന് രഹസ്യമാക്കി വച്ചു':ഈ കേസും അത്തരത്തില്‍ പ്രാഥമിക വാദം നടന്ന ശേഷമാണ് 2022 ഫെബ്രുവരി അഞ്ച് മുതല്‍ മാര്‍ച്ച് 18 വരെ അന്തിമ വാദം പൂര്‍ത്തിയാക്കിയത്. അതായത് നിയമപരമായി എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്നുപോവാന്‍ കഴിയുമെന്ന് ഒരിക്കല്‍ ലോകായുക്ത കണ്ടെത്തിയ ഒരു കേസ് വീണ്ടും അതേ പ്രക്രിയയിലൂടെ ഒരിക്കല്‍ കൂടി കടന്നുപോവണമെന്ന വിചിത്രമായ വാദമാണ് ലോകായുക്ത ഉന്നയിക്കുന്നത്. മാത്രമല്ല, ഇത്തരത്തില്‍ ഒരു തീരുമാനമാണ് അന്തിമ വാദത്തിന് ശേഷം ലോകായുക്തയും ഉപലോകായുക്തയും കൈക്കൊണ്ടിരുന്നതെങ്കില്‍ അത് പുറത്തുപറയാതെ ഇത്രയും ദിവസം എന്തിന് രഹസ്യമാക്കി വച്ചുവെന്ന ചോദ്യവും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ|'ഭീഷണിപ്പെടുത്തി നേടിയത്' ; ലോകായുക്തയുടെ വിധി വിചിത്രവും വിശ്വാസ്യത തകർക്കുന്നതെന്നും വി.ഡി സതീശൻ

താന്‍ കോടതിയില്‍ പോയപ്പോള്‍ മാത്രമാണ് വിധിപറയാന്‍ ലോകായുക്ത തയ്യാറായത്. അതായത് ലോകായുക്തയുടെ നടപടികള്‍ അടിമുടി ദുരൂഹമാണ്. പെതുസമൂഹത്തില്‍ നീതിന്യായ സംവിധാനത്തിന്‍റെ വിശ്വാസ്യതയ്ക്ക് കളങ്കം ചാര്‍ത്തുന്നതാണ് ലോകായുക്ത വിധി. ഈ സാഹചര്യത്തില്‍ വ്യക്തത തേടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനേയും വേണ്ടി വന്നാല്‍ സുപ്രീംകോടതിയേയും സമീപിക്കാനാണ് ഡോ. ആര്‍എസ് ശശികുമാറിന്‍റെ ലക്ഷ്യം. ഏപ്രില്‍ ആദ്യവാരം ഹൈക്കോടതി അവധിക്കാലം ആരംഭിക്കുന്നതിനാല്‍ വെക്കേഷന് ശേഷം ഹൈക്കോടതിയിലേക്ക് പോവാനാണ് ഹര്‍ജിക്കാരന്‍റെ തീരുമാനം.

ABOUT THE AUTHOR

...view details