രൂക്ഷ വിമര്‍ശനവുമായി പരാതിക്കാരന്‍ തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ രൂക്ഷ വിമർശനവുമായി പരാതിക്കാരന്‍ ആർ എസ് ശശികുമാർ. ലോകായുക്ത സ്വാധീനിക്കപ്പെട്ടുവെന്നും സത്യസന്ധമായ വിധിയല്ല ഇതെന്നും ശശികുമാര്‍ പറയുന്നു. ലോകായുക്ത കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുമെന്നാണ് പറഞ്ഞത്, എന്നാൽ ഇപ്പോൾ മുട്ടിൽ ഇഴയുകയാണെന്നും അദ്ദേഹം പരിഹസിച്ചു (CMDRF Fund Case).
പോരാട്ടം നീതി ലഭിക്കും വരെ തുടരുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞ ശശികുമാര്‍ എന്തിനാണ് ഇങ്ങനെ ഒരു വെള്ളാനയെന്നും ചോദിച്ചു. ഇങ്ങനെ ഒരു സ്ഥാപനം വേണോയെന്ന് ആലോചിക്കണം. വിധിയിൽ അത്ഭുതപ്പെടുന്നില്ല. പ്രതീക്ഷിച്ച വിധി തന്നെയാണ് വന്നത്. യാതൊരു എത്തിക്‌സും ഇല്ലാത്തവരാണ് ന്യായാധിപന്മാരായിട്ടുള്ളത് (Lok Aykukta In CMDRF Fund Case ).
ജലീലിന്‍റെ കേസിനേക്കാൾ ഗുരുതരമായ വീഴ്‌ചയാണ് ഈ കേസിൽ സർക്കാരിന് പറ്റിയിട്ടുള്ളത്. സർക്കാരിന് വിരുദ്ധമായ വിധിയാണ് ഉണ്ടാകേണ്ടിയിരുന്നത്. ഒരിക്കലും ഒരു ന്യായാധിപന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത വിധിയാണിത്. ലോകായുക്ത നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പിടാത്തതിനാൽ സർക്കാർ ലോകായുക്തയെ സ്വാധീനിച്ചു (RS Sasikumar Criticized Lok Aykukta).
വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകുമെന്നും ശശികുമാര്‍ പറഞ്ഞു. മന്ത്രിസഭയ്ക്ക് നിയമം വിട്ട് തീരുമാനമെടുക്കാനുള്ള അവകാശം ഇല്ല. കേസ് നീട്ടി കൊണ്ടുപോയത് മുഖ്യമന്ത്രിക്ക് അനുകൂലമായ ഒരു വിധി വരാനാണെന്നും ഗവർണർ ലോകായുക്ത ഭേദഗതിയിൽ ഒപ്പിടാത്തത് നന്നായെന്നും ആർ എസ് ശശികുമാർ പറഞ്ഞു (Lok Aykukta Reject Plea Against CM).
also read:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍; സർക്കാരിന് ആശ്വാസം
മുഖ്യമന്ത്രി ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ഇന്നാണ് (നവംബര്‍ 13) കേരള സര്‍ക്കാറിന് എതിരായ ഹര്‍ജി തള്ളിയത്. മന്ത്രിസഭ തിരുമാനത്തില്‍ ഇടപെടാനാകില്ലെന്നും പൊതുഫണ്ട് വിനിയോഗിക്കാന്‍ മന്ത്രിസഭയ്‌ക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത ഫുള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. വിഷയത്തില്‍ സ്വജനപക്ഷപാതം കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ലോകായുക്ത അന്തിമ വിധി പ്രസ്‌താവിച്ചത് (CM's CMDRF Fund Case).
സര്‍ക്കാറിനെ വലച്ച കേസ്:2017-18 കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് വകമാറ്റിയെന്നതാണ് കേസ്. മന്ത്രിസഭായോഗത്തിലെ അജണ്ടയ്‌ക്ക് പുറമെ ലക്ഷക്കണക്കിന് രൂപ വകമാറ്റിയിട്ടുണ്ടെന്നാണ് ആര്‍എസ് ശശികുമാറിന്‍റെ ആരോപണം. കേസില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാറും രണ്ടാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും 3 മുതല്‍ 18 വരെയുള്ള പ്രതികള്‍ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമാണ്.