കേരളം

kerala

ETV Bharat / state

നഴ്‌സറി കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസ്; അഡ്വ. എം.സലാഹുദ്ദീനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു - വഞ്ചിയൂർ കോടതി

വിനീതയുടെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമായിരുന്നു അഡ്വ. എം.സലാഹുദ്ദീനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്

Perroorkada nursery staff murder  M Salahudeen  special public prosecutor  Government appoints Advocate M Salahudeen  നഴ്‌സറി കേന്ദ്രത്തിലെ ജീവനക്കാരി  ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസ്  സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു  സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍  വിനീത  സര്‍ക്കാര്‍  സലാഹുദ്ദീന്‍  സലാഹുദ്ദീനെ  വഞ്ചിയൂർ കോടതി  രാജേന്ദ്രൻ
അഡ്വ. എം.സലാഹുദ്ദീനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

By

Published : Apr 26, 2023, 4:09 PM IST

തിരുവനന്തപുരം:പേരൂർക്കട അമ്പലമുക്കിൽ അലങ്കാര വില്‍പന ചെടി കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ. എം.സലാഹുദ്ദീനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. നെടുമങ്ങാട് കലിപ്പൂർ പറമ്പിക്കോണം സ്വദേശിനി വിനീതയെ (38) കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനും അഡീഷണൽ ഗവൺമെൻ്റ്‌ പ്ലീഡറുമായ എം.സലാഹുദ്ദീനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്. കൊല്ലപ്പെട്ട വിനീതയുടെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമായിരുന്നു സർക്കാർ നിയമനം.

കന്യാകുമാരി തോവാള വെള്ളമഠം സ്വദേശി രാജേന്ദ്രൻ (39) ആണ് കേസിലെ പ്രതി. ഇയാൾ പൂജപ്പുര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. 2022 ഫെബ്രുവരി ആറിനായിരുന്നു നഗരത്തെ നടുക്കിയ സംഭവം. വിനീതയുടെ സ്വർണമാല കവർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം. ചെടികൾക്ക് വെള്ളം ഒഴിക്കാൻ നഴ്‌സറിയിൽ എത്തിയ വിനീതയെ പേരൂർക്കടയിലെ ടീ സ്‌റ്റാൾ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ, ചെടി വാങ്ങാൻ എന്ന വ്യാജേനയെത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം ഇങ്ങനെ:മൂന്ന് കൊലക്കേസിലടക്കം പ്രതിയായ രാജേന്ദ്രൻ എപ്പോഴും ആയുധവുമായാണ് നടക്കാറുള്ളത്. ലോക്ക്ഡൗൺ കാലത്ത് തലസ്ഥാനം പൂർണമായും പൊലീസ് നിരീക്ഷണത്തിലിരിക്കെ പട്ടാപ്പകൽ ഉച്ചയോടെ അമ്പലമുക്ക് കുറവൻകോണം റോഡിലെ 'ടാപ്പ്സ് ഗ്രീൻ ടെക് അഗ്രി' എന്ന സ്ഥാപനത്തിൽ പ്രതി എത്തുകയായിരുന്നു. രണ്ടുവർഷം മുൻപ് ഹൃദ്രോഗ ബാധിതനായി ഭർത്താവ് മരിച്ച വിനീത കൃത്യത്തിനും ഒമ്പത് മാസത്തിനു മുൻപാണ് ഈ സ്ഥാപനത്തിൽ ജോലിക്കെത്തിയത്. സംഭവദിവസം അലങ്കാര ചെടി വിൽപന കേന്ദ്രത്തിലെത്തിയ രാജേന്ദ്രൻ തന്‍റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനീതയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ ശേഷം മാലയുമായി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് ഫെബ്രുവരി 11ന് തിരുനൽവേലിക്ക് സമീപത്തെ കാവൽ കിണറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

മാലയ്‌ക്ക് പിന്നാലെ ഓടി പൊലീസ്:അതേസമയം വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രനെ പൊലീസ് പിടികൂടിയത് വിദഗ്‌ദമായി ആയിരുന്നു. മാത്രമല്ല രാജേന്ദ്രനെ തമിഴ്‌നാട്ടില്‍ എത്തിച്ച് പേരൂർക്കട പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഇതിന്‍റെ ഭാഗമായി കൊലപ്പെടുത്തിയശേഷം വിനീതയിൽ നിന്ന് പ്രതി കവർന്ന സ്വർണമാലയും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി അഞ്ചുഗ്രാമത്തിലെ ഒരു സ്വകാര്യ സ്വർണ പണയസ്ഥാപനത്തിൽ മാല പണയം വച്ചിരിക്കുകയായിരുന്നു. അരുംകൊലയ്ക്ക് ശേഷം പിറ്റേന്ന് സ്വകാര്യ സ്വർണ പണയസ്ഥാപനത്തില്‍ എത്തിയ പ്രതി തൊണ്ണൂറ്റി അയ്യായിരം രൂപയ്ക്കാണ് മാല പണയം വച്ചത്. പൊലീസിനോട് സഹകരിക്കാത്ത പ്രതി സ്വർണമാല എന്തു ചെയ്‌തുവെന്ന് ആദ്യം പറഞ്ഞിരുന്നില്ല എന്നാല്‍ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പണയം വച്ച വിവരം പ്രതി പൊലീസിനോട് പറഞ്ഞത്.

Also read:സഹോദരഭാര്യയെ ലക്ഷ്യംവച്ച് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു, മരിച്ചത് സഹോദരന്‍റെ മകന്‍ ; അരിക്കുളത്തെ വിദ്യാര്‍ഥിയുടെ മരണം കൊലപാതകം

ABOUT THE AUTHOR

...view details