തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പിടികൂടി. സംഭവത്തില്‍ അഞ്ചംഗ സംഘമാണ് പേരൂര്‍ക്കട പൊലീസിന്‍റെ പിടിയിലായത്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സംഘത്തെ പൊലീസ് പിടികൂടുന്നത്.
വട്ടിയൂര്‍ക്കാവ് കുലശേഖരം കടയല്‍മുടുമ്പ് പഴവിളാകത്ത് വീട്ടില്‍ കൊപ്ര ബിജുവെന്ന രാജേഷ് (42), കൊല്ലം പാരിപ്പള്ളി സ്വദേശികളായ വിഷ്‌ണുവെന്ന അനുരാഗ് (26), നൗഫലെന്ന മിഥുന്‍ ഷാ(26), ഷഫീഖ്(23), ഷമീര്‍(26) എന്നിവരാണ് പിടിയിലായത്. പേരൂര്‍ക്കട മണ്ണാമൂല പത്മവിലാസം ലെയിനില്‍ കാര്‍ത്തികേയന്‍, പണിക്കേഴ്‌സ് ലെയിനില്‍ അന്‍സര്‍ എന്നിവരുടെ വീട്ടില്‍ ഈ മാസം ഒമ്പതിനായിരുന്നു പ്രതികള്‍ കവര്‍ച്ച നടന്നത്. ഉടമകള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പുലര്‍ച്ചെ വീടിന്‍റെ വാതിലുകള്‍ തകര്‍ത്തായിരുന്നു സംഘം കവര്‍ച്ച നടത്തിയിരുന്നത്.
മോഷ്‌ടാക്കള്‍ക്ക് പിടിവീഴുന്നത് ഇങ്ങനെ: രണ്ട് വീടുകളില്‍ നിന്നുമായി രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണവും പണവുമായിരുന്നു ഇവര്‍ കവര്‍ന്നത്. കവര്‍ച്ച നടന്നതിന് ശേഷം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് രണ്ട് വീടുകളിലും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. കവര്‍ച്ച നടന്ന ദിവസം തന്നെ വീടുകളില്‍ നിന്നും കുറ്റവാളികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം പൊലിസ് ശേഖരിച്ചിരുന്നു. പിന്നീടുള്ള പരിശോധനയില്‍ വളരെ പണിപ്പെട്ടാണ്, പ്രതികളില്‍ ഒരാളും സ്ഥിരം കുറ്റവാളിയുമായ രാജേഷിന്‍റെ വിരലടയാളം പൊലീസ് തിരിച്ചറിയുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ മോഷ്‌ടാക്കളുമായി ബന്ധപ്പെട്ട് മുന്‍പും ഇയാള്‍ കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ അന്തര്‍സംസ്ഥാന മോഷ്‌ടാക്കളുടെ സംഘമാണോ കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ഒരു ഘട്ടത്തില്‍ സംശയിച്ചിരുന്നു. കേരളത്തില്‍ മോഷണം നടത്തിയാല്‍ പിന്നീട് മറ്റ് ജില്ലകളിലേക്ക് കടക്കുന്നതാണ് രാജേഷിന്‍റെ സ്ഥിരം ശൈലി. ഇതോടെ സിറ്റി ഷാഡോ പൊലീസിന്‍റെ നേതൃത്വത്തിലും അന്വേഷണം ആരംഭിക്കുകയായിരുന്നു.