തിരുവനന്തപുരം:പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ഒഴിവുകള്‍ അടിന്തരമായി നികത്തണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിര്‍ദേശിച്ചു. നിലവിലുള്ള അപര്യാപ്‌തതകള്‍ പരിഹരിക്കാന്‍ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ആവശ്യാനുസരണം ഫണ്ട് അനുവദിച്ച് സമയക്രമം നിശ്ചയിച്ച് നടപ്പിലാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
മാനസികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ശേഷം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. മറ്റ് നിര്‍ദേശങ്ങള്‍ ഇങ്ങനെ: 10 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കെട്ടിട സമുച്ചയത്തിന്‍റെ പണി പൂര്‍ത്തിയാക്കണം, ആധുനിക മനോരോഗ ചികിത്സയ്ക്ക് പര്യാപ്‌തമായ ഒരു ഒപി ബ്ലോക്ക് സജ്ജമാക്കണം, ജീവനക്കാരുടെ തസ്‌തികകള്‍ പുനക്രമീകരിക്കണം, കൂടുതല്‍ പാചകക്കാരെ നിയോഗിക്കണം, നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്‌സിങ് സൂപ്രണ്ട്, നഴ്‌സിങ് ഓഫിസര്‍, ഹോസ്‌പിറ്റല്‍ അറ്റന്‍റന്‍റ് തസ്‌തികകള്‍ അടിയന്തരമായി നികത്തണം, സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം, അന്തേവാസികള്‍ക്ക് മറ്റ് രോഗങ്ങളുള്ളതിനാല്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാരെ നിയമിക്കണം എന്നും നിര്‍ദേശത്തിലുണ്ട്.