തിരുവനന്തപുരം: 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീട് ഉള്‍പ്പെടെയുള്ള ലോ റിസ്‌ക് കെട്ടിടങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ ബില്‍ഡിങ് പെര്‍മിറ്റ് ലഭ്യമാക്കാനുള്ള തീരുമാനം നഗരസഭകളില്‍ നടപ്പിലാക്കിത്തുടങ്ങി. ആദ്യദിനമായ ഏപ്രില്‍ ഒന്നിന് വന്ന 11 ബില്‍ഡിങ് പെര്‍മിറ്റ് അപേക്ഷകളും, ചുരുങ്ങിയ സമയം കൊണ്ട് സിസ്‌റ്റം തന്നെ പരിശോധിച്ച്, പെര്‍മിറ്റുകള്‍ അനുവദിച്ചു. പെര്‍മിറ്റ് ഫീസ് അടച്ചയാളുകള്‍ക്ക് ശനിയാഴ്‌ച തന്നെ സിസ്റ്റം ജനറേറ്റഡ് പെര്‍മിറ്റ് ഓണ്‍ലൈനില്‍ ലഭ്യമാക്കി. മറ്റുള്ളവര്‍ക്ക് ഫീസ് അടച്ചാലുടന്‍ പെര്‍മിറ്റ് ലഭ്യമാകും.
മികച്ച പ്രതികരണങ്ങള്‍:തിരുവനന്തപുരം-8, കണ്ണൂര്‍-2, കളമശേരി-1 എന്നിങ്ങനെയാണ് ആദ്യ ദിനത്തിലെ അപേക്ഷകള്‍. അവധിദിനമായിട്ടും ഞായറാഴ്‌ചയായ ഇന്നും ഓണ്‍ലൈനില്‍ രണ്ട് അപേക്ഷകളെത്തുകയും ഇവ രണ്ടും പാസാകുകയും ചെയ്‌തു. തിരുവനന്തപുരത്തും തൃശൂരിലുമാണ് ഈ അപേക്ഷകള്‍. ഫീസ് അടയ്ക്കുന്നതിന് അനുസരിച്ച് ഈ പെര്‍മിറ്റും അപേക്ഷകന്‍റെ കയ്യിലെത്തും. പരിശോധനയും അനുമതിയും പൂര്‍ണമായും സിസ്റ്റം നിര്‍വഹിക്കുന്നു എന്നതിനാല്‍ അവധി ദിനങ്ങളിലും പെര്‍മിറ്റ് ലഭിക്കാന്‍ തടസമുണ്ടാകുന്നില്ല. മാസങ്ങള്‍ കാത്ത് നിന്ന് പെര്‍മിറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണ് അപേക്ഷിച്ചാല്‍ അന്നുതന്നെ പെര്‍മിറ്റ് ലഭിച്ച് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നത്.
വീട് ഉള്‍പ്പെടെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ലോ റിസ്‌ക് കെട്ടിട നിര്‍മാണങ്ങള്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഇതുമൂലം ഒഴിവാക്കാന്‍ കഴിയുമെന്ന് ആദ്യദിനം തന്നെ തെളിയിക്കുന്നു. കൂടാതെ അഴിമതിയുടെ സാധ്യതകളും ഈ സംവിധാനം ഇല്ലാതാക്കുന്നു.