തിരുവനന്തപുരം:അഞ്ച് ജില്ലകളിലെ കൊവിഡ് മരണനിരക്ക് സംസ്ഥാന ശരാശരിയേക്കാൾ ഉയർന്നതെന്ന് ആരോഗ്യവകുപ്പ്. കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, കാസർകോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ കൊവിഡ് മരണനിരക്കാണ് ക്രമാതീതമായി ഉയരുന്നത്. കൊവിഡ് രോഗികളുടെ എണ്ണവും മരിച്ചവരുടെ എണ്ണവും കണക്കാക്കിയാണ് മരണനിരക്ക് തയാറാക്കുന്നത്. സംസ്ഥാന ശരാശരി 0.40 ആണ്.
അഞ്ച് ജില്ലകളിൽ സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന മരണനിരക്ക്
കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് മരണനിരക്ക് ക്രമാതീതമായി ഉയരുന്നത്.
കണ്ണൂരിൽ 0.86, തിരുവനന്തപുരത്ത് 0.71, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ 0.58, കാസർകോട് 0.57 ശതമാനവുമാണ് മരണനിരക്ക്. സെപ്‌തംബർ ഏഴ് വരെയുള്ള ഒരാഴ്‌ചത്തെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 27.9 ദിവസം കൊണ്ടാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത്. ഓഗസ്റ്റ് 25 അവസാനിച്ചപ്പോൾ 27.4, ഓഗസ്റ്റ് 18 അവസാനിച്ചപ്പോൾ 18.9 എന്നിങ്ങനെയാണ് മരണനിരക്ക് കണക്കാക്കിയത്. ഓണക്കാലത്ത് പരിശോധനകൾ കുറഞ്ഞതാണ് ഇതിന് കാരണമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു. സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾ വൻതോതിൽ വർധിപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം.