തിരുവനന്തപുരം :മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലോകത്തോട് വിട പറയുമ്പോള്‍ നഷ്‌ടമാവുന്നത് രാഷ്ട്രീയത്തിലെ ഒരു ആചാര്യനെ മാത്രമല്ല, ജനഹൃദയങ്ങളില്‍ ജീവിച്ചിരുന്ന പ്രിയപ്പെട്ട നേതാവിനെ കൂടിയാണ്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ ഉള്ളവരെയടക്കം ചേര്‍ത്തുനിര്‍ത്തിയ മുന്‍ മുഖ്യമന്ത്രിയുടെ വിയോഗവാര്‍ത്ത കേരള ജനതയെ ഒന്നടങ്കം സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം സാധാരണക്കാര്‍ക്ക് കനത്ത നഷ്‌ടമാണെന്നാണ് ആളുകൾ പറയുന്നത്.
ജനസമ്പർക്ക പരിപാടിയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ സാധിച്ചത് അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സാധരണക്കാർക്ക് നഷ്‌ടമാകുന്നത് എന്തും ഓടിച്ചെന്ന് പറയാൻ കഴിഞ്ഞിരുന്ന അവരുടെ ജനകീയ നേതാവിനെ കൂടിയാണെന്ന് ഇവർ പറയുന്നു. പൊതുസേവനത്തിൽ ആത്മാർഥതയുടെ നിറരൂപമായിരുന്ന മാതൃകാപരമായ അടിത്തറയുള്ള നേതാവാണ് അദ്ദേഹമെന്നാണ് കോൺഗ്രസ് പ്രവർത്തകരും പറയുന്നത്.
ഭിന്നശേഷിക്കാരനായ തനിക്ക് ആദ്യമായി വീൽചെയർ നൽകി സഹായിച്ചതും ചവർ ഫാക്‌ടറി അടക്കാൻ മുൻകൈയെടുത്തതും പെൻഷൻ ലഭിച്ചുതുടങ്ങിയതുമൊക്കെ ആളുകൾ ഓർത്തെടുത്ത് പറയുന്നു. തങ്ങളുടെ പ്രിയ നേതാവിന്‍റെ വേർപാടിൽ വാക്കുകൾ പൂർത്തീകരിക്കാൻ കഴിയാതെ വിതുമ്പുന്നവരും അനേകമാണ്. ജനനായകൻ ഓർമയായതിന്‍റെ ദുഃഖം ഇടിവി ഭാരതിനോട് പങ്കുവക്കുകയാണ് തിരുവനന്തപുരത്തെ സാധാരണക്കാർ.
ജനപ്രിയനാക്കിയ ജനസമ്പർക്ക പരിപാടി : ഉമ്മൻചാണ്ടി വിടപറയുമ്പോൾ കേരളം ഏറ്റവുമധികം ഓർത്തെടുത്തത് അദ്ദേഹത്തിന്‍റെ ജനസമ്പർക്ക പരിപാടിയെ കുറിച്ചായിരുന്നിരിക്കും. ജനസമ്പർക്ക പരിപാടി വഴി ആയിരങ്ങൾക്കാണ് സഹായം ലഭിച്ചത്. കേൾവി ശക്തിയില്ലാതിരുന്ന കോഴിക്കോട് ചെങ്ങോട്ട്കാവ് സ്വദേശിയായ മുഹമ്മദ് നിഷാലിന് സഹായം ലഭിച്ചതിനെ കുറിച്ചും കുടുംബം ഓർത്തെടുക്കുകയാണ്.