തിരുവനന്തപുരം :മാധ്യമ സ്ഥാപനത്തിനെതിരായ കേസും എസ്എഫ്‌ഐയുടെ പ്രതിഷേധവും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും പി.സി വിഷ്‌ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. മാധ്യമങ്ങള്‍ക്കെതിരായ അക്രമം ലഹരി മാഫിയക്കെതിരായ വാര്‍ത്തകളുടെ പേരിലാണെന്ന് വിഷ്‌ണുനാഥ് ആരോപിച്ചു.
ലഹരി മാഫിയക്കെതിരായ വാര്‍ത്ത വന്നാല്‍ അതില്‍ വിറളി പിടിക്കേണ്ടത് ലഹരി മാഫിയക്കല്ലേയെന്നും എന്തിനാണ് എസ്എഫ്‌ഐയ്‌ക്ക് ഇത്ര പ്രതിഷേധമെന്നും എംഎല്‍എ ചോദിച്ചു. ലഹരി മാഫിയക്കെതിരായ വാര്‍ത്തയില്‍ എസ്എഫ്‌ഐ പ്രകോപിതരാകുന്നത് എന്തിനാണ്?. മോദി ഭരണകൂടവും പിണറായി ഭരണകൂടവും തമ്മില്‍ എന്താണ് വ്യത്യാസമെന്നും വിഷ്‌ണുനാഥ് ചോദിച്ചു. ഇപ്പോള്‍ നടക്കുന്ന അതിക്രമം മുന്നറിയിപ്പാണ് സര്‍ക്കാരിനെതിരായ വാര്‍ത്ത കൊടുക്കരുത് എന്ന മുന്നറിയിപ്പെന്നും വിഷ്‌ണുനാഥ് പറഞ്ഞു.
പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി:എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ നിഷേധിച്ചു. ഏഷ്യാനെറ്റ് ന്യൂസില്‍ ലഹരിക്കെതിരായ പരമ്പരയില്‍ വ്യാജ വീഡിയോ ഉള്‍പ്പെടുത്തിയെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുകയാണ്. ചാനല്‍ ഓഫിസില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഈ വിഷയങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ വിഷയം ഉള്‍പ്പെട്ടിട്ടില്ല.
ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണ് എന്നത് നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ലെന്നും എംഎല്‍എ പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിര്‍മാണവും അതിന്‍റെ സംപ്രേഷണവും.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളറിയാതെ അതില്‍പ്പെടുത്തുക കൂടി ചെയ്‌തിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്‍റെ പരിരക്ഷ വേണമെന്ന് പറയുന്നത് ധീരമായ പത്രപ്രവര്‍ത്തനമല്ല. ഇത്തരം ദുഷിപ്പുകള്‍ മാധ്യമ രംഗത്ത് ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം പേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വീഡിയോ ഉണ്ടാക്കല്‍, പെണ്‍കുട്ടികളുടെ ദുരുപയോഗം എന്നിവ നടത്തിയിട്ട് മാധ്യമ പ്രവര്‍ത്തനത്തിനുള്ള പരിരക്ഷ ഈ കുറ്റകൃത്യങ്ങള്‍ക്കും വേണം എന്നു വാദിക്കുന്നവര്‍ നാളെ ഒരാള്‍ വാര്‍ത്ത സംപ്രേഷണ ജോലിക്കിടെ ഒരാളെ കൊലപ്പെടുത്തിയാലും മാധ്യമ പരിരക്ഷ ആവശ്യപ്പെടില്ലെ.
ഇവിടെയുണ്ടായ നടപടിയെ ബിബിസി റെയ്‌ഡുമായി താരതമ്യപ്പെടുത്തേണ്ട. ബിബിസിക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്ക് വെളിച്ചത്ത് കൊണ്ട് വന്നതിനായിരുന്നു. ഇവിടെ ഉണ്ടായ വ്യാജ വീഡിയോ നിര്‍മാണമോ അത് ഏതെങ്കിലും സര്‍ക്കാരിനോ ഭരണാധികാരിക്കോ എതിരെയുള്ള തുറന്ന് കാട്ടലല്ല. അതുകൊണ്ട് തന്നെ അതില്‍ അധികാരത്തിലുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ല.
അതുകൊണ്ട് തന്നെ ഇവിടെ പ്രതികാര നടപടിയെന്ന് പറഞ്ഞാല്‍ വിലപ്പോവില്ല. ഒരു വ്യക്തി ഒരു സംഭവത്തിന്‍റെ കാര്യത്തില്‍ പരാതിയുമായി വന്നാല്‍ മാധ്യമവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് കീറി കൊട്ടയിലിടാന്‍ കഴിയില്ല. കുറ്റകൃത്യം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ നടപടി വേണ്ട എന്ന് പറയുന്നതല്ല നമ്മുടെ ഐ.പി.സിയും സി.ആര്‍.പി.സിയും.
മാധ്യമ പ്രവര്‍ത്തകര്‍ എന്നും അല്ലാത്തവര്‍ എന്നും പൗര ജനങ്ങളെ ഭരണഘടന രണ്ടായി വേര്‍തിരിച്ചു കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മുഴുവന്‍ പരിരക്ഷയും നല്‍കും. മാധ്യമ സ്വാതന്ത്ര്യമെന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യമല്ല മറിച്ച് വായനക്കാരന്‍റെ സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അത് സര്‍ക്കാര്‍ പരിരക്ഷിക്കും. മാധ്യമ സ്വാതന്ത്ര്യത്തില്‍ നിന്ന് ധാര്‍മികത ചോര്‍ത്തി കളയുന്നതിനെതിരെയാണ് സ്വാഭാവികമായും ഉത്‌കണ്‌ഠ പ്രകടിപ്പിക്കേണ്ടത്. എതിരഭിപ്രായങ്ങള്‍ എഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നത് ഞങ്ങളുടെ രീതിയല്ല. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും രീതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.