കോട്ടയം: പീഡനക്കേസില്‍ വാദിയായ കന്യാസ്ത്രീയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്ക് നിയമ സഭയിൽ ശാസനം. നിയമസഭാ എത്തിക്‌സ് കമ്മറ്റിയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍എയെ സഭയില്‍ ശാസിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ നിയമസഭയില്‍ വായിച്ചു.
കന്യാസ്ത്രീയ്‌ക്കെതിരെ മോശം പരാമര്‍ശം;പി.സി ജോര്‍ജിന് ശാസന കന്യാസ്ത്രീയെയും അവരെ പിന്തുണച്ചവരെയും എംഎല്‍എ സ്വഭാവ ഹത്യ നടത്തുകയാണെന്നു കാട്ടി ലഭിച്ച പരാതികൾ വസ്‌തുതാപരമായി ശരിയാണെന്ന് എത്തിക്‌സ് കമ്മിറ്റി വിലയിരുത്തി. പീഡനക്കേസില്‍ പൊതുസമൂഹം ഇരയ്ക്ക് നല്‍കേണ്ട പിന്തുണയ്ക്ക് വിരുദ്ധമായി നിയമസഭാംഗം പെരുമാറുന്നത് ശരിയല്ലെന്നും കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി വ്യക്തികളെ മോശക്കാരാക്കി ചിത്രീകരിക്കാനുള്ള എംഎല്‍എയുടെ നീക്കം പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവും നിയമസഭയുടെ അന്തസിന് കോട്ടം തട്ടുന്നതാണെന്നും ചൂണ്ടിക്കാട്ടി പെരുമാറ്റ ചട്ടങ്ങളുടെ, ചട്ടം 53 ബി പ്രകാരമാണ് ശാസിച്ചത്. ശാസനയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് പി.സി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. ക്രൈസ്‌തവനായ തന്‍റെ സഭാ അധികാരിയ്‌ക്കെതിരെ ചില സ്ത്രീകള്‍ മോശം പരാമര്‍ശം നടത്തിയപ്പോൾ പ്രതികരിക്കുക മാത്രമാണ് ചെയ്‌തതെന്നും എംഎൽഎ പറഞ്ഞു. താനൊരു ളോഹയിട്ട് വന്ന് നിന്ന് വൈദികനാണെന്ന് പറഞ്ഞാല്‍ ആരും അംഗീകരിക്കില്ല. എത്തിക്‌സ് കമ്മിറ്റി പറഞ്ഞിരിക്കുന്നത് കന്യാസ്ത്രീയ്‌ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ്. എന്നാല്‍ സഭ പുറത്താക്കിയ ആളെങ്ങനെയാണ് കന്യാസ്ത്രീയാവുന്നതെന്നും പിസി ജോര്‍ജ്ജ് ചോദിച്ചു. കന്യാസ്ത്രി എന്നല്ല സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് മുഖവിലയ്‌ക്കെടുക്കുന്നതെന്നു സ്‌പീക്കര്‍ പ്രതികരിച്ചു.