തിരുവനന്തപുരം :വിദ്വേഷ പ്രസംഗത്തില്‍ പി സി ജോർജിന് നല്‍കിയ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) കേസില്‍ ബുധനാഴ്ച (25.05.2022) വിധി പറയും.
പി സി ജോര്‍ജ് എറണാകുളം ജില്ലയിലെ വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്‍റെ സി ഡി അടക്കമുള്ള തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പൊലീസ് സമർപ്പിച്ച സി ഡി പ്രദർശിപ്പിക്കുന്ന കാര്യത്തിൽ കോടതിയും പൊലീസും തമ്മില്‍ ആശയ കുഴപ്പമുണ്ടായി. വിദ്വേഷ പ്രസംഗം അടങ്ങിയ സിഡി കോടതിയിൽ തൊണ്ടി മുതല്‍ ആയിട്ടാണ് ഹാജരാക്കിയത്.
Also Read: മതവിദ്വേഷ പ്രസംഗം : പി.സി ജോര്‍ജിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം
മുദ്ര വച്ച് ഹാജരാക്കിയ വസ്തുക്കൾ സാധാരണ കേസിന്‍റെ വിചാരണ ഘട്ടത്തിലാണ് കോടതി തെളിവായി സ്വീകരിക്കുക. എന്നാൽ ഇവിടെ വിചാരണ ഘട്ടമല്ലലോ എന്ന് കോടതി ആരാഞ്ഞു. ഇവിടെ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ ദൃശ്യങ്ങൾ കോടതിയെ കാണിക്കാനാണ് ശ്രമിച്ചതെന്ന് സർക്കാർ അഭിഭാഷക കോടതിക്ക് മറുപടി നൽകി.
അന്വേഷണ സംഘം സമർപ്പിച്ച നാല് സിഡികളിൽ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ദൃശ്യങ്ങളാണ് കോടതിയിൽ തിങ്കളാഴ്ച പ്രദർശിപ്പിച്ചത്. വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് കോടതിയിൽ കണ്ടത്. 37 മിനിറ്റ് നീളമുള്ള പ്രസംഗം കോടതി നിരീക്ഷിച്ചു. സി ഡി പ്രദർശിപ്പിക്കാൻ അന്വേഷണ സംഘം തെരഞ്ഞെടുത്ത ഓൺലൈൻ ചാനലിന്‍റെ വിശ്വാസ്യതയെ പ്രതിഭാഗം ചോദ്യം ചെയ്തു.
അതേസമയം പ്രോസിക്യൂഷൻ, പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന നിലപാടിൽ ഉറച്ചുനിന്നു. അതിനിടെ വെണ്ണല ക്ഷേത്രത്തിൽ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി പി സി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം.