തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കറാണെന്ന് പി.സി ആരോപിച്ചു. പീഡനക്കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കു പിന്നിൽ ഒളിഞ്ഞു നിൽക്കുന്ന ഡോൺ ആണ് ഫാരിസ് അബൂബക്കർ. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലും ഫാരിസ് അബൂബക്കറാണ്. 2012 മുതല്‍ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്‍റെ എല്ലാ നിക്ഷേപങ്ങളെയും രാഷ്ട്രീയത്തെയും നീക്കങ്ങളെയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. 2014ല്‍ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ എക്‌സലോജിക് എന്ന കമ്പനി രൂപീകരിച്ചു. അതിലേക്ക് വന്നുചേര്‍ന്ന സാമ്പത്തികത്തിന്‍റെ ഉറവിടം അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും എക്‌സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എന്ന് താൻ സംശയിക്കുന്നതായും പി.സി ജോർജ് പറഞ്ഞു.
എക്‌സലോജിക്കില്‍ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്‍റെ പേരിലാണോ എന്നും സംശയമുണ്ട്. ഇത് ഇഡി അന്വേഷിക്കണം. ഇപ്പോള്‍ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്‍റെ നിക്ഷേപങ്ങളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. താന്‍ ആര്‍ക്കുനേരെയും ഗൂഢാലോചന നടത്തിയിട്ടില്ല. ചെയ്യുകയുമില്ല. അഴിമതിക്കാരായ ഭരണാധികാരികളെ ജനപ്രതിനിധികളെ രാജിവപ്പിച്ചതാണ് എന്‍റെ രാഷ്ട്രീയ ചരിത്രം. അഴിമതി കണ്ടുനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: പി.സി ആത്മാര്‍ഥതയുള്ള ആളാണ്; അറസ്റ്റിന് കാരണം പിണറായിയുടെ വൈരാഗ്യം: ഉഷ ജോര്‍ജ്