തിരുവനന്തപുരം:കോണ്‍ഗ്രസിന് മുഴുവന്‍ സമയ പ്രസിഡന്‍റ് വേണം എന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയ 23 നേതാക്കളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എന്ന നിലയില്‍ താനും ഒപ്പിട്ടിരുന്നു എന്ന വെളിപ്പെടുത്തലോടെയാണ് പി.സി. ചാക്കോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അനഭിമതനാകുന്നത്. ചാക്കോ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗമല്ലെന്നും ഡൽഹി കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതലക്കാരന്‍ എന്ന നിലയില്‍ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം വര്‍ക്കിംഗ് കമ്മിറ്റിയിലെത്തിയതെന്നും ഡൽഹി പിസിസിയുടെ ചുമതലയില്‍ നിന്ന് ഒഴിഞ്ഞതോടെ ചാക്കോ പ്രവര്‍ത്തക സമിതിയിലില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരുത്തുകയും ചെയ്‌തത് ചാക്കോയ്ക്ക് വലിയ ക്ഷീണമായി.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ കണ്ണിലുണ്ണിയായിരുന്ന പി.സി. ചാക്കോയ്ക്ക് ഹൈക്കമാന്‍ഡിലുളള പിടി അയയുന്നതായി അന്നേ ചില സൂചനകള്‍ ലഭിച്ചിരുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിമൂലം സിറ്റിംഗ് മണ്ഡലമായ തൃശൂര്‍ ഉപേക്ഷിച്ച് ചാലക്കുടി തെരഞ്ഞെടുത്ത് കനത്ത പരാജയം ചാക്കോ ഏറ്റുവാങ്ങിയിരുന്നു. 2019- 20ല്‍ 19 ലോക്‌സഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചെങ്കിലും തെരഞ്ഞടുപ്പില്‍ ചാക്കോയെ ഒരു മണ്ഡലത്തിലേക്കും പരിഗണിച്ചില്ല. കേരളത്തിലെ പാര്‍ട്ടിയിലും പാര്‍ലമെന്‍ററി ജീവിതത്തിലും തീര്‍ത്തും ഒറ്റപ്പെട്ട പി.സി. ചാക്കോ തികഞ്ഞ നിരാശയിലായിരുന്നു. ഇതിന് ശേഷം പി.സി. ചാക്കോ എന്‍സിപിയിലേക്ക് പോകുന്നു എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പൊടുന്നനെ പി.സി. ചാക്കോ കോണ്‍ഗ്രസ് വിടുന്നത്. മുന്‍പ് ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്ന് കോണ്‍ഗ്രസ് എസ് രൂപീകരിച്ചപ്പോള്‍ ചാക്കോ പവാറിനൊപ്പം കോണ്‍ഗ്രസ് എസിലായിരുന്നു. ആ അടുപ്പം എല്ലാക്കാലത്തും പി.സി. ചാക്കോ കാത്തു സൂക്ഷിക്കുന്നുണ്ട്.
കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്‌യുവിലൂടെ പൊതു രംഗത്തെത്തിയ പി.സി. ചാക്കോ എല്ലാക്കാലത്തും കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായിരുന്നു. 1978ല്‍ എ.കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായിരുന്ന ചാക്കോ എ.കെ. ആന്‍റണിക്കൊപ്പം ഇന്ദിരാഗാന്ധി വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചു. 1979ല്‍ ഈ വിഭാഗം കേരളത്തില്‍ സിപിഎം നയിക്കുന്ന ഇടത് മുന്നണിയില്‍ ചേരുന്നതിന് മുന്‍കൈ എടുത്തത് എ.കെ. ആന്‍റണിയും പി.സി. ചാക്കോയുമായിരുന്നു. 1980ല്‍ കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്‍റണിയും ചാക്കോയും നയിക്കുന്ന കോണ്‍ഗ്രസ് എ വിഭാഗം സിപിഎമ്മിനൊപ്പം ഇടത് മുന്നണിയില്‍ നിലയുറപ്പിച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എ വിഭാഗം അഥവാ ആന്‍റണി കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ അധികാരത്തിലെത്തിയ സിപിഎം മന്ത്രിസഭയില്‍ 31-ാമത്തെ വയസില്‍ ചാക്കോ വ്യവസായ മന്ത്രിയായി.