തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങൾക്ക് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് നിബന്ധനയേർപ്പെടുത്തി ഗതാഗത വകുപ്പ്. ഡിസംബർ 1 മുതൽ പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് അനുവദിക്കൂ എന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു (Antony Raju) പറഞ്ഞു. എ ഐ ക്യാമറകളുടെ അവലോകന യോഗത്തിന് (Ai Camera Review Meeting) ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് (Payment Of Fine Dues Made Mandatory For Obtaining A Vechicle Pollution Certificate).
എ ഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 58,29,926 എണ്ണമാണ് ഇതിൽ പരിശോധിച്ചവ. 23,06,023 കേസുകൾ ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്‌തു. 2,103,801 ചെല്ലാനുകൾ തയ്യാറാക്കി. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ എ ഐ ക്യാമറ പിടികൂടിയത്. ഏകദേശം 21.5 കോടി രൂപ ഇതിനോടകം പിഴയായി ലഭിച്ചു.
ഇക്കാലയളവിൽ റോഡ് അപകടമരണങ്ങള്‍ കുറഞ്ഞതിനാൽ വാഹന ഇൻഷുറൻസ് പോളിസി തുക കുറയ്ക്കാനും, തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് അധിക തുക ചുമത്താനും, ഇൻഷുറൻസ് പുതുക്കും മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനും ഇൻഷുറൻസ് കമ്പനി മേധാവികളുമായി നവംബർ 15ന് തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികൾ ഓൺലൈനായി ഇ-ചെല്ലാൻ വെബ്സൈറ്റിൽ തന്നെ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയത്ത് പിഴ അടയ്ക്കാത്തത് മൂലം വിചാരണ നടപടികള്‍ക്കായി കോടതിയിലേക്ക് അയയ്ക്കുന്ന കേസുകളില്‍ പിഴ അടയ്ക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് നേരിട്ട് പിഴ അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2023 ജൂൺ മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. എന്നാൽ 2022ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വർഷം സെപ്റ്റംബർ മാസം റോഡപകടങ്ങളില്‍ 273 പേർക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടതെങ്കിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം റോഡ് അപകടങ്ങളിൽ 365 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 340 പേർ റോഡപകടങ്ങളിൽ മരണമടഞ്ഞപ്പോൾ ഈ വർഷം ഒക്ടോബറിൽ ഇതുവരെ ലഭിച്ച റിപ്പോർട്ട് പ്രകാരം 85 മരണങ്ങളാണ് ഉണ്ടായതെന്നും അപകടാവസ്ഥയിലുള്ളവർ പലരും ചികിത്സയിലായതിനാൽ മരണ നിരക്കിൽ ഇനിയും വ്യത്യാസം വരാമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ഒക്ടോബറിലെ നിയമലംഘനങ്ങളുടെ കണക്ക്:
- ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചത്- 21,865
- സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്‌തത്- 16,581
- കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 23,296
- കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 25,633
- മൊബൈൽ ഫോൺ ഉപയോഗം- 662
- ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ്- 698
- പിഴ ചുമത്തിയ എംപി-എംഎൽഎ വാഹനങ്ങൾ- 13
Also Read: AI Camera | 'എഐ കാമറയില്‍ വിഐപികളും, പിഴ അടച്ചവര്‍ക്ക് മാത്രം ഇൻഷുറൻസ്, ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെല്‍റ്റ്': ആന്‍റണി രാജു