തിരുവനന്തപുരം: പാറ്റൂർ ഗുണ്ട ആക്രമണക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പാറ്റൂരിൽ ബിൽഡര്‍ നിധിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ ആരിഫിനെ കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. നിലവിൽ മുഖ്യപ്രതികളായ ആസിഫ്, ആരിഫ്, മറ്റു പ്രതികളായ ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരടങ്ങുന്ന സംഘം ഒളിവിൽ കഴിയുകയാണ്.
ഫോണിൽ ബന്ധപ്പെട്ട് പ്രതികൾ: ഒളിവില്‍ കഴിയുന്ന ഗുണ്ട നേതാക്കൾ സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടെന്നാണ് പൊലീസിന് ഒടുവിൽ ലഭിക്കുന്ന വിവരം. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ കുടുംബാംഗത്തെയും സിപിഐ നേതാവിന്‍റെ കുടുംബാംഗത്തെയുമാണ് പ്രതികൾ വിളിച്ചത്. ഉദ്യോഗസ്ഥയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ശേഷം ഫോൺ പൊലീസ് പിടികൂടി. പ്രതികളായ ആസിഫും, ആരിഫും ഊട്ടിയിൽ ഒളിവിലാണെന്നും പൊലീസ് വിവരം ലഭിച്ചിട്ടുണ്ട്.
പാറ്റൂരിൽ നിധിന്‍റെ ആക്രമണം: ഗുണ്ടനേതാവായ നിധിനും സംഘവും മേട്ടുക്കടയിലുള്ള ആരിഫിൻെറ വീട് ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായിട്ടായുരുന്നു പാറ്റൂരിലിൽ വച്ച് നിധിനെയും കൂട്ടുകാരെയും ഓം പ്രകാശിന്‍റെ സംഘം ആക്രമിച്ചത്. അതേസമയം ജില്ലയിലെ ഗുണ്ട ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനകം ഡിജിപി സർക്കുലർ ഇറക്കും.
കേസുകൾ ക്രൈംബ്രാഞ്ചിന്: പേട്ട പൊലീസ് അന്വേഷിക്കുന്ന പാറ്റൂർ ആക്രമണ കേസും, മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന മേട്ടുക്കട ആക്രമണ കേസുമാണ് ജില്ല ക്രൈംബ്രാഞ്ചിന് വിട്ടത്. പാറ്റൂർ കേസ് അന്വേഷിച്ചിരുന്ന പേട്ട ഇൻസ്‌പെക്‌ടർ മുഹമ്മദ് റിയാസിനെ സസ്‌പെന്‍റ് ചെയ്‌തതിനെ തുടർന്നാണ് കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറിയത്. ജില്ല ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ വിജുകുമാറിന്‍റെ നേതൃത്വത്തിൽ സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പുതിയ സംഘം.
പൊലീസുകാർക്കും പിടിവീഴും: പൊലീസിന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കാനാണ് പുതിയ അനേഷണസംഘത്തിന്‍റെ നീക്കം. 12 പ്രതികളിൽ അഞ്ച് പേരെ മാത്രമാണ് ഇതുവരെ പിടികൂടിയത്. അതേസമയം ഗുണ്ട ബന്ധമുളള പൊലീസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനക്ക് ഡിജിപി നേരത്തെ നിർദേശം നല്‍കിയിരുന്നു. പൊലീസുകാരുടെ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ല പൊലീസ് മേധാവിമാർക്കുള്ള നിർദേശം.
also read:തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടം : അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്
കാക്കി കറയും അന്വേഷണത്തിന്: രഹസ്യവിവരങ്ങൾ നൽകേണ്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി ഗുണ്ട സംഘങ്ങളുടെ ഒത്ത് ചേരലിൽ പങ്കെടുത്തുവെന്ന ആരോപണവും അന്വേഷിക്കും. ഇന്‍റലിജൻസ് എഡിജിപിയുടെ നിർദേശ പ്രകാശം സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്‌ടർമാരുടെയും ഡിവൈഎസ്‌പിമാരുടെയും റിപ്പോർട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ജില്ലകളിൽ ഗുണ്ട - മാഫിയ ബന്ധമുള്ള പൊലീസുകാരെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ ചില ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിമാർ വീഴ്‌ചവരുത്തുന്നുണ്ടെന്ന വിലയിരുത്തൽ ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. അതിനാൽ ജില്ല പൊലീസ് മേധാവിമാരുടെയും സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെയും യോഗം വൈകാതെ വിളിക്കും.