തിരുവനന്തപുരം: ഇത് തിരുവനന്തപുരം പാറശാല സ്വദേശി വിനോദ്. നാട്ടുകാർക്ക് വിനോദ് 'വാഴച്ചേട്ടൻ' ആണ്. അതിനൊരു കാരണമുണ്ട്. ലോകത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നുള്ള അപൂർവയിനം വാഴകൾ നട്ടുവളർത്തുന്ന വിനോദിനെ ഇങ്ങനെയല്ലാതെ മറ്റെന്താണ് വിളിക്കുക.
പാറശാലയിലെ വാഴച്ചേട്ടന്‍റെ വാഴത്തോട്ടം പന്ത്രണ്ടാം വയസ് മുതൽ തുടങ്ങിയ അധ്വാനം. 12 ഇനം വാഴകളുമായിട്ടാണ് വിനോദിന്‍റെ തുടക്കം. ഇന്ന് നാടനും വിദേശിയുമടക്കം നാന്നൂറിലേറെ വാഴകളാണ് മൂന്നര ഏക്കറിലുള്ള വിനോദിന്‍റെ കൃഷിയിടത്തിലുള്ളത്. ബിഎസ് സി ഫിസിക്‌സ് ബിരുദധാരിയായ വിനോദിന് വാഴകൃഷി വെറുമൊരു കൃഷിപ്പണി മാത്രമല്ല, പ്രാണവായു കൂടിയാണ്. നമുക്ക് കേട്ടുകേൾവി പോലുമില്ലാത്ത വിവിധ ഇനം വാഴകളാണ് ഈ വാഴത്തോട്ടത്തെ വ്യത്യസ്‌തമാക്കുന്നത്.
ബംഗാളിലെ ബോജി മനോഹർ, തായ്ലൻഡിലെ പിസാൻ നവാക്ക, ഉത്തര കർണാടകയിലെ രാജാപുരി, ഓസ്ട്രേലിയയിലെ ഷുഗർ ബനാൻ, അൾസറിന് മരുന്നായ പൂങ്കള്ളി, ആയിരം കിലോയുള്ള നാടൻ പൂവൻ ഇങ്ങനെ നീളുന്നു വാഴപ്രേമം. വിനോദിന്‍റെ വാഴപ്പഴത്തിന്‍റെ രുചിയറിഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ധനമന്ത്രി കെ.എൻ ബാലഗോപാൽ തുടങ്ങി നിരവധി പ്രമുഖർ വാഴച്ചേട്ടന്‍റെ തോട്ടം തേടിയെത്തിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ ഹോർട്ടികൾച്ചർ, കൃഷി വകുപ്പ്, ഗവേഷണ സ്ഥാപനങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽ നിന്നുമാണ് വിനോദ് വാഴക്കന്നുകൾ ശേഖരിക്കുന്നത്. ലിംകാ ബുക്ക് ഓഫ് റെക്കോർഡിലും പാറശാലക്കാരുടെ വാഴച്ചേട്ടന്‍ ഇടം പിടിച്ചുകഴിഞ്ഞു. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയാണ് വിവിധയിനം വാഴകളെക്കുറിച്ചും, അവയുടെ പരിപാലന രീതിയെക്കുറിച്ചും വിനോദ് മനസിലാക്കുന്നത്. എല്ലാ ജില്ലകളിലും 300 ഇനം വാഴകളുള്ള വാഴ ഗ്രാമം സൃഷ്‌ടിക്കണമെന്നാണ് വിനോദിന്‍റെ ആഗ്രഹം.