തിരുവനന്തപുരം: പാങ്ങോട് യുവാവിനെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ പാങ്ങോട് ചന്തമുക്ക് സ്വദേശി നവാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പുലിപ്പാറ പരയ്ക്കാട് കോളനിയിൽ ഷിബുവിനെയാണ് കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോര്‍ട്ട് - യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടു
സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു
കഴിഞ്ഞ ഏഴാം തീയതി പുലിപ്പാറ പ്രദേശത്ത് ഒരു കാലു കടിച്ചു കൊണ്ട് പോകുന്ന പട്ടി തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിബു താൽക്കാലികമായി താമസിക്കാറുള്ള വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിൽ ഷിബുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് പാങ്ങോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല നടത്തിയത് ഷിബുവിന്‍റെ സുഹൃത്ത് നവാസാണെന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുന്‍പ് നവാസും ഷിബുവും ഓട്ടോറിക്ഷയില്‍ സംഭവം നടന്ന വീടിന് സമീപം വന്നിറങ്ങുന്നത് കണ്ടുവെന്ന സമീപവാസികളുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. മുന്‍പ് ഷിബു നവാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അത് സംബന്ധിച്ച കേസും നിലവിലുണ്ട്.
മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷിബു രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ജയില്‍ മോചിതനായത്. ഷിബുവിനോടുള്ള മുന്‍ വൈരാഗ്യം മനസില്‍ വെച്ചുകൊണ്ട് പിന്നീട് സൗഹൃദത്തിലായ നവാസ് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ഷിബുവിനെ മര്‍ദിക്കുകയും വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ടാര്‍പോളിനും പ്ലാസ്റ്റിക്കും തുണിയും ഉപയോഗിച്ച് മൃതദേഹത്തില്‍ മദ്യമൊഴിച്ച് കത്തിച്ചു. ഒരു സ്‌ത്രീയെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് നവാസെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കൊവിഡ് പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.