തിരുവനന്തപുരം: പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ പിഎംഎവൈ പദ്ധതി പ്രകാരമുള്ള 40 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. വീട് നിര്‍മാണത്തിനുള്ള ആദ്യ ഗഡു തുകയുടെ ചെക്ക് ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി ഗുണഭോക്താക്കള്‍ക്കു കൈമാറി. പാവങ്ങള്‍ക്ക് വീടെന്ന സര്‍ക്കാരിന്‍റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടപ്പിലാക്കുമെന്ന് ഡെപ്യൂട്ടി സ്‌പീക്കർ പറഞ്ഞു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് വീട് അനുവദിക്കുന്നത്.
ഭവനരഹിതര്‍ക്ക് വീടൊരുക്കി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് - panchayath samiti
വീട് നിര്‍മാണത്തിനുള്ള ആദ്യ ഗഡു തുകയുടെ ചെക്ക് ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി ഗുണഭോക്താക്കള്‍ക്ക് കൈമാറി
പോത്തന്‍കോട്, മംഗലപുരം, അഴൂര്‍ പഞ്ചായത്തുകളില്‍ 12 വീട് വീതവും കഠിനംകുളം, അണ്ടൂര്‍ക്കോണം പഞ്ചായത്തുകളില്‍ രണ്ട് വീട് വീതവുമാണ് അനുവദിച്ചത്. നാല് ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും ലഭിക്കുന്നത്. ആദ്യ ഗഡുവായ 50,000 രൂപയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. 1,20,000 രൂപ കേന്ദ്ര വിഹിതവും 1,12,000 ബ്ലോക്കും 98,000 രൂപ ജില്ലാ പഞ്ചായത്തും 70,000 രൂപ ഗ്രാമ പഞ്ചായത്തുമാണ് ഒരു ഗുണഭോക്താവിന് നല്‍കുന്നത്. ആറ് മാസത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തീകരിക്കണം.
തുക കൈമാറുന്ന ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാനിബ ബീഗം അധ്യക്ഷത വഹിച്ചു. അഴൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി ഇന്ദിര, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേണുഗോപാലന്‍ നായര്‍, മംഗലപുരം പഞ്ചായത്ത് പ്രസിഡന്‍റ് വേങ്ങോട് മധു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.