തിരുവനന്തപുരം :വിഷു ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കണിയൊരുക്കിയും തെരുവിൽ സദ്യയുണ്ടും പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം. നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ഹോൾഡർമാരാണ് വിഷു തെരുവിലാക്കി സമരം ചെയ്‌തത്. നാൽപ്പത്തഞ്ച് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ഉദ്യോഗാർഥികളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്ന നിലപാടിനെതിരെയാണ് പ്രതിഷേധം.
കണിയൊരുക്കിയും സദ്യയുണ്ടും റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം 612 പേർ ഉൾപ്പെട്ട റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കെ ആകെ നിയമനം ലഭിച്ചത് 6 പേർക്ക് മാത്രമാണെന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്. 2019 ലെ റാങ്ക് പട്ടികയിൽ നിന്ന് പത്ത് ജില്ലകളിലെ ഒന്നാം റാങ്ക് നേടിയവർക്കും നിയമനം ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. ആറ് നിയമനങ്ങൾ നടന്നത് നാല് ജില്ലകളിലായാണ്.
ALSO READ ആഘോഷങ്ങളില്ലാതെ വിഷു; സമരത്തിനൊരുങ്ങി കെ എസ് ആര്‍ ടി സി ജീവനക്കാര്‍
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം അതത് പഞ്ചായത്ത് ഭരണ സമിതികൾ രാഷ്ട്രീയ താൽപര്യപ്രകാരം ഇഷ്‌ടക്കാരെ താൽക്കാലികമായി നിയമിക്കുന്നത് മൂലമാണ് അർഹിക്കുന്ന ജോലിയിൽ നിയമനം കിട്ടാത്തതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. സർവീസ് ചട്ടപ്രകാരം പഞ്ചായത്ത് ലൈബ്രറികളിൽ ലൈബ്രേറിയൻ ഗ്രേഡ് 4 തസ്‌തികയിൽ ഉള്ളവർക്കാണ് നിയമനം നൽകേണ്ടത്.
എന്നാൽ ഇതിന് വിരുദ്ധമായി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്തവരാണ് നിലവിൽ മിക്കയിടത്തും ജോലി ചെയ്യുന്നതെന്നാണ് വിദ്യാർഥികളുടെ ആരോപണം. ജൂലൈ മുതൽ ഓരോ ജില്ലയിലെയും റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കും. ഇതോടെ അർഹിക്കുന്ന ജോലി ലഭിക്കാതെ തങ്ങൾ പുറത്താകുന്ന ദുരവസ്ഥയാണ് നിലവിലുള്ളതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
തങ്ങളുടെ ആവശ്യം കണ്ടില്ലെന്ന് നടിച്ചാൽ കൂടുതൽ ശക്തമായ സമരമുറകളിലേക്ക് നീങ്ങുമെന്നും ഉദ്യോഗാർഥികള്‍ വ്യക്തമാക്കി.