തിരുവനന്തപുരം: ഒറ്റപ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ.. പഞ്ചരത്നം വീട്ടിൽ പഞ്ചരത്നങ്ങളായി തന്നെ അവർ വളർന്നു, വലുതായി, വിദ്യാഭ്യാസവും ജോലിയും നേടി. ഇതിൽ മൂന്ന് പേരുടെ വിവാഹമാണ് ശനിയാഴ്‌ച. അത്യധികം സന്തോഷത്തിലാണ് ഇന്ന് പഞ്ചരത്നം വീട്. എന്നാൽ ഒരു അമ്മയുടെ കഠിന പ്രയത്‌നവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനസിൻ്റെ കരുത്തുമാണ് ഈ സന്തോഷത്തിന് പിന്നിൽ.
പഞ്ചരത്നം വീട്ടിൽ കല്യാണം; സുമംഗലികളാകാൻ ഉത്രയും ഉത്രജയും ഉത്തരയും - പഞ്ചരത്നങ്ങൾ വിവാഹം
ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്ന വിവാഹം കൊവിഡ് മൂലം നീട്ടിയാണ് നവംബറിൽ നടക്കുന്നത്.
1995 നവംബർ 18ന് നിമിഷങ്ങളുടെ വ്യത്യാസത്തിൽ പ്രേംകുമാർ-രമാദേവി ദമ്പതികൾക്ക് അഞ്ച് കുട്ടികൾ ജനിച്ചു. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ പിന്നെ ഏക സഹോദരൻ ഉത്രജനും. ഇവരുടെ കുട്ടിക്കാലത്ത് തന്നെ അച്ഛൻ പ്രേംകുമാർ വിടപറഞ്ഞു. പിന്നീട്ട് മക്കളെ വളർത്താൻ.. നല്ല വിദ്യാഭ്യാസം നൽകാൻ.. രമാദേവിയുടെ പോരാട്ടമായിരുന്നു. ഒടുവിൽ പ്രയത്നം വിജയം കണ്ടു. അഞ്ചു മക്കൾക്കും നല്ല രീതിയിൽ വിദ്യാഭ്യാസം, പിന്നാലെ ജോലിയും. നാല് പേരുടെ വിവാഹവും നിശ്ചയിച്ചു. ഇതിൽ മൂന്ന് പേരുടെ വിവാഹം ശനിയാഴ്‌ച നടക്കുകയാണ്. ഗുരുവായൂരപ്പ സന്നിധിയിലാണ് വിവാഹ ചടങ്ങുകൾ.
നേരത്തെ ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്ന വിവാഹം കൊവിഡ് മൂലം നീട്ടിയാണ് നവംബറിൽ നടക്കുന്നത്. അമൃത ആശുപത്രിയിൽ അനസ്തേഷ്യ ടെക്‌നീഷ്യനായ ഉത്രജയെ കുവൈറ്റിൽ അനസ്തേഷ്യ ടെക്‌നീഷ്യനായ പത്തനംതിട്ട സ്വദേശി ആകാശും, ഓൺലൈൻ മാധ്യമ പ്രവർത്തനരംഗത്തുള്ള ഉത്തരയെ മാധ്യമ പ്രവർത്തകനായ കോഴിക്കോട് സ്വദേശി മഹേഷും, ഫാഷൻ ഡിസൈനറായ ഉത്രയെ മസ്‌കറ്റിൽ ഹോട്ടൽ മാനേജറായ ആയുർ സ്വദേശി കെ.എസ് അജിത് കുമാറുമാണ് വിവാഹം കഴിക്കുന്നത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്‌നീഷ്യയായ ഉത്തമയുടെ വിവാഹം മസ്‌കറ്റിൽ അക്കൗണ്ടൻ്റായ തിരുവനന്തപുരം സ്വദേശി വിനീതുമായി നിശ്ചയിച്ചു. അവധി ലഭിച്ച് വിനീത് എത്തിയാൽ വിവാഹം നടക്കും. വിവാഹ ഒരുക്കങ്ങളിലും സന്തോഷത്തിലുമാണ് പഞ്ചരത്നം വീടും പഞ്ചരത്നങ്ങളും.