കേരളം

kerala

ETV Bharat / state

തിരുവിതാംകൂര്‍ രാജസദസിലെ വിദ്വാന്‍ ഇലത്തൂർ രാമസ്വാമി ശാസ്‌ത്രികളുടെ താളിയോല ശേഖരം കണ്ടെത്തി - കേരള സർവകലാശാല ലൈബ്രറി

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയും തിരുവിതാംകൂര്‍ രാജ സദസിലെ വിദ്വാനുമായിരുന്ന ഇലത്തൂര്‍ രാമസ്വാമി ശാസ്‌ത്രികളുടെ താളിയോല ശേഖരമാണ് കണ്ടെത്തിയത്. മന്ത്രശാസ്‌ത്രം, ആചാരങ്ങൾ, വേദലക്ഷണം, വേദാന്തം, ഗണിത ശാസ്‌ത്രം, നിയമവ്യവസ്ഥ, സാഹിത്യം, സൗന്ദര്യശാസ്‌ത്രം എന്നീ വിഷയങ്ങളാണ് താളിയോലയുടെ ഉള്ളടക്കം

palm leaves manuscript  manuscript by Elathur Ramaswamy Sasthrikal  Elathur Ramaswamy Sasthrikal  19th century poet Elathur Ramaswamy Sasthrikal  ഇലത്തൂർ രാമസ്വാമി ശാസ്‌ത്രികളുടെ താളിയോല ശേഖരം  താളിയോല  താളിയോല ശേഖരം  തിരുവിതാംകൂർ ലെജിസ്‌ലേറ്റീവ് അസംബ്ലി  ഇലത്തൂർ രാമസ്വാമി ശാസ്‌ത്രികള്‍  കേരള സർവകലാശാല ലൈബ്രറി  കേരള സർവകലാശാല
താളിയോല ശേഖരം

By

Published : Feb 27, 2023, 7:51 PM IST

ഇലത്തൂർ രാമസ്വാമി ശാസ്‌ത്രികളുടെ താളിയോല ശേഖരം

തിരുവനന്തപുരം:19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും പണ്ഡിതനുമായിരുന്ന ഇലത്തൂർ രാമസ്വാമി ശാസ്‌ത്രികളുടെ സംഭാവനകളിലേക്ക് വെളിച്ചം വീശാനുതകുന്ന വൻ താളിയോല ശേഖരം തിരുവനന്തപുരത്ത് കണ്ടെത്തി. ചരിത്രത്തില്‍ ഇടം നേടാതെ വിസ്‌മൃതമായിരുന്ന ഒരു കാലഘട്ടത്തിന്‍റെ നേർ ചിത്രം കൂടിയാണ് ഇതിലൂടെ അനാവൃതമാകുന്നത്. തിരുവിതാംകൂർ ലെജിസ്‌ലേറ്റീവ് അസംബ്ലി രൂപീകരണം ഉൾപ്പെടെ അന്നത്തെ കാലത്ത് നിരവധി സാമൂഹിക മാറ്റങ്ങൾക്കു പിന്നിലെ ചാലക ശക്തിയായി പ്രവര്‍ത്തിച്ച പ്രധാന വ്യക്തിത്വമാണ് ഇലത്തൂര്‍ രാമസ്വാമി.

ഇലത്തൂരിന്‍റെ സന്തതി പരമ്പരയിലെ ഇപ്പോഴത്തെ കണ്ണിയായ ഗീത രവിയാണ് തന്‍റെ മുതു മുത്തച്ഛന്‍റെ താളിയോല ശേഖരം കണ്ടെടുത്തിരിക്കുന്നതെന്ന് തിരുവനന്തപുരം നീറമൺകര എൻഎസ്എസ് കോളജ് സംസ്‌കൃതം വിഭാഗം പ്രൊഫസറായ ആനന്ദരാജ് ജി പറയുന്നു. വീടു മാറി പോകുന്നതിനിടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു പഴയ ഇരുമ്പു പെട്ടിയിൽ നിന്നുമാണ് ഈ താളിയോല ശേഖരം കണ്ടെത്തിയത്. ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്നതിനാൽ വലിയ കേടുപാടുകൾ പറ്റാത്ത ഈ താളിയോല ശേഖരത്തിൽ 200 മുതൽ 400 വർഷം വരെ പഴക്കമുള്ള ലിഖിതങ്ങളാണ് കാണുന്നതെന്നും ആനന്ദരാജ് പറയുന്നു.

താളിയോലയില്‍ മന്ത്ര ശാസ്‌ത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍: 19-ാം നൂറ്റാണ്ടിന്‍റെ മധ്യത്തിലായിരുന്നു പന്തളം സ്വദേശിയായിരുന്ന ഇലത്തൂർ രാമസ്വാമി ശാസ്‌ത്രികള്‍ അന്നത്തെ തിരുവിതാംകൂർ രാജാവായ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ സഭയിലേക്ക് വിദ്വാനായി എത്തുന്നത്. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മുതൽ മൂലം തിരുനാൾ രാമവർമ്മ വരെ നാലു രാജാക്കന്മാരുടെ കാലത്ത് രാജസദസിൽ അദ്ദേഹം വിദ്വാന്‍റെ സ്ഥാനം വഹിച്ചിരുന്നതായി ആനന്ദരാജ് പറയുന്നു. 26 കെട്ടുകളായി ലഭിച്ചിരിക്കുന്ന താളിയോല ശേഖരത്തിന്‍റെ ഉള്ളടക്കം ഈ കാലഘട്ടങ്ങളിലെ മന്ത്രശാസ്‌ത്രം, ആചാരങ്ങൾ, വേദലക്ഷണം, വേദാന്തം, ഗണിത ശാസ്‌ത്രം, നിയമവ്യവസ്ഥ, സാഹിത്യം, സൗന്ദര്യശാസ്‌ത്രം എന്നീ വിഷയങ്ങളാണ്.

തിരുവിതാംകൂർ നിയമസഭ ഉൾപ്പെടെ സ്ഥാപിച്ച് തിരുവിതാംകൂർ നാട്ടുരാജ്യത്ത് ജനാധിപത്യ, റിപ്പബ്ലിക് മൂല്യങ്ങൾ ആദ്യമായി അവതരിപ്പിച്ച മൂലം തിരുനാൾ രാമവർമ്മയുടെ പ്രവൃത്തികളിൽ, അദ്ദേഹത്തിന്‍റെ ഗുരുവും രാജ സദസിലെ വിദ്വാനുമായിരുന്ന ഇലത്തൂർ രാമസ്വാമി ശാസ്‌ത്രികൾ സ്വാധീനം ചെലുത്തിയിരുന്നതായി ആനന്ദരാജ് പറയുന്നു. സംസ്‌കൃത വാക്‌ചാരുതിയിലെ ഭീഷ്‌മാചാര്യരെന്നാണ് 19-ാം നൂറ്റാണ്ടിന്‍റെ മധ്യഭാഗത്തായി രാജ്യത്ത് പലയിടത്തു നിന്നും ഇത്തരത്തിൽ കണ്ടെടുത്തിട്ടുള്ള താളിയോലകളിലും പിന്നീടുണ്ടായിട്ടുള്ള ചില പ്രസിദ്ധീകരണങ്ങളിലും ഇലത്തൂർ രാമസ്വാമി ശാസ്‌ത്രികളെ വിശേഷിപ്പിച്ചിരിക്കുന്നത്.

താളിയോല കേരള സർവകലാശാല ലൈബ്രറിയ്‌ക്ക്: കൂടാതെ ഗ്രന്ഥ ലിപിയിൽ നിന്നും മലയാള ലിപിയിലേക്ക് ഉള്ള ഭാഷയുടെ പരിണാമത്തെ കുറിച്ചുള്ള പഠനത്തിനും ഈ താളിയോല ശേഖരം വലിയൊരു മുതൽക്കൂട്ടാകുമെന്നും ആനന്ദരാജ് പറയുന്നു. ഇത് തരംതിരിച്ച് പട്ടികപ്പെടുത്താനുള്ള പരിശ്രമത്തിലാണ് നിലവിൽ ആനന്ദരാജ്. തുടർന്ന് ഇത് ഭാവി പഠനങ്ങൾക്ക് വേണ്ടി കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ഓറിയന്‍റൽ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ സൂക്ഷിക്കാനായി കൈമാറും. ഇലത്തൂർ രാമസ്വാമി ശാസ്‌ത്രികളുടെ 200-ാം ജന്മ വാർഷികമായ ഈ വർഷം തന്നെ ഈ താളിയോല ശേഖരം കണ്ടെത്തിയത് യാദൃശ്ചികതയാണെന്നാണ് ആനന്ദരാജ് പറയുന്നത്.

ABOUT THE AUTHOR

...view details