.
പൈങ്കുനി ഉത്സവത്തിനൊരുങ്ങി ശ്രീപത്മനാഭസ്വാമിക്ഷേത്രം : ഏപ്രിൽ 10 കൊടിയേറും - പൈങ്കുനി ഉത്സവം
പഞ്ചപാണ്ഡവരെ കെട്ടിനിർത്തലും അതിനുമുന്നിൽ വേലകളിയുമാണ് പൈങ്കുനി ഉത്സവത്തിലെ ഒരു പ്രധാന ചടങ്ങ്. ഏപ്രിൽ 10ന് കൊടിയേറുന്ന ഉത്സവം 19 ന് ആറാട്ടോടെ സമാപിക്കും
പൈങ്കുനി ഉത്സവത്തിനൊരുങ്ങി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ഉത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിന്‍റെ കിഴക്കേനടയിൽ പഞ്ചപാണ്ഡവരെ കെട്ടിനിർത്തി. പഞ്ചപാണ്ഡവരെ കെട്ടിനിർത്തലും അതിനുമുന്നിൽ വേലകളിയുമാണ് പൈങ്കുനി ഉത്സവത്തിലെ പ്രധാന ചടങ്ങ്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്‍റെ കാലത്താണ് ഈ ചടങ്ങ് ആരംഭിച്ചത്.
മീനമാസത്തിലെ കടുത്ത ചൂടിനെ നേരിടാൻ ഈ ആചാരം തുണയ്ക്കുമെന്നാണ് വിശ്വാസം. പാണ്ഡവരെ പ്രീതിപ്പെടുത്തുമ്പോൾ അർജുന പിതാവായ ഇന്ദ്രൻ പ്രസാദിക്കുമെന്നും മഴ പെയ്യുമെന്നും വിശ്വസിക്കുന്നു. 17 ന് വൈകിട്ടാണ് ഇത്തവണത്തെ വേലകളി. ഇടയ്ക്ക് മുടങ്ങിപ്പോയിരുന്ന വേലകളി 2011 ലാണ് വീണ്ടും ആരംഭിച്ചത്. ഏപ്രിൽ 10ന് കൊടിയേറുന്ന ഉത്സവം 19 ന് ആറാട്ടോടെ സമാപിക്കും.