തിരുവനന്തപുരം :പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ വാർഷികോത്സവങ്ങളിൽ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം. തമിഴ് വർഷത്തിലെ പൈങ്കുനിയെന്നാൽ മലയാള വർഷത്തിലെ മീനമാസം. രോഹിണി നക്ഷത്രത്തിൽ കൊടിയേറി തിരുവിതാംകൂർ മഹാരാജാവ് പള്ളിവേട്ട നിർവഹിച്ച് പത്താം നാൾ അത്തദിനത്തിൽ ശംഖുമുഖം കടപ്പുറത്ത് ആറാട്ടോടെ ഉത്സവസമാപനം.
ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിനഭിമുഖമായി കിഴക്കേ നടയിൽ യുധിഷ്‌ഠിരൻ, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവരുടെ പ്രതിമകൾ കെട്ടിയുയർത്തും. അതിനുമുന്നിലെ വേലകളിയാണ് പൈങ്കുനി ഉത്സവത്തിലെ പ്രധാന ചടങ്ങ്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്താണ് ഈ ചടങ്ങ് ആരംഭിച്ചത്.
പൈങ്കുനി ഉത്സവത്തിനൊരുങ്ങി പദ്‌മനാഭസ്വാമി ക്ഷേത്രം Also Read: ഇവിടെ രാജ്യങ്ങളുടെ പേരുകള്‍ പറഞ്ഞാല്‍ ചില വീടുകള്‍ കാണിച്ചുതരും ; രാഷ്‌ട്രങ്ങളുടെ പേരുകളുമായി 5 സഹോദരങ്ങള്‍
വേലകളി ഇടയ്ക്ക് മുടങ്ങിപ്പോയിരുന്നു. ഇത് 2011ലാണ് പുനഃസ്ഥാപിച്ചത്. മീനമാസം കടുത്ത ചൂടിൻ്റെ കാലമാണ്. പാണ്ഡവരെ പ്രീതിപ്പെടുത്തുമ്പോൾ കൂട്ടത്തിലെ അർജുനൻ്റെ പിതാവായ ഇന്ദ്രൻ പ്രസാദിക്കുമെന്നും മഴ പെയ്യിക്കുമെന്നുമുള്ള വിശ്വാസമാണ് പ്രതിമകൾ സ്ഥാപിക്കുന്ന ഐതിഹ്യത്തിൻ്റെ ബലം.
ആ അർഥത്തിൽ വേനൽമഴ കാത്തിരിക്കുന്ന കേരളത്തിൻ്റെ പ്രകൃതിയോടും ഈ ചടങ്ങ് ചേർന്നുകിടക്കുന്നു. ഏപ്രിൽ 6നാണ് ഉത്സവത്തിന് കൊടിയേറുക. ഉത്സവത്തിൻ്റെ താന്ത്രിക ചടങ്ങുകൾ 31ന് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ മണ്ണുനീരുകോരൽ ചടങ്ങോടെ ആരംഭിച്ചു. ഏപ്രിൽ 15ന് മേടവിഷു ദിനത്തിൽ വൈകിട്ടാണ് ശംഖുമുഖം കടപ്പുറത്തേക്കുള്ള ആറാട്ടെഴുന്നള്ളത്ത്.