ന്യൂഡല്‍ഹി:വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കം തീർപ്പാക്കി സുപ്രീംകോടതി. ക്ഷേത്രത്തിന്‍റെ ഭരണച്ചുമതല താല്‍ക്കാലിക ഭരണസമിതിക്ക് നല്‍കി സുപ്രീംകോടതി ഉത്തരവിട്ടു. തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചു. ജില്ലാ ജഡ്‌ജി അധ്യക്ഷനായ സമിതി തുടരാനാണ് തീരുമാനം. പുതിയ സമിതി വരുന്നത് വരെ നിലവിലെ ഭരണ സമിതിക്ക് തുടരാം. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥിരം ഭരണസമിതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സുപ്രീംകോടതിയില്‍ സമർപ്പിച്ച അപ്പീലാണ് തീർപ്പാക്കിയത്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കേസ്; രാജകുടുംബത്തിന്‍റെ അധികാരം ശരിവച്ച് സുപ്രീംകോടതി
10:42 July 13
ജസ്റ്റിസുമാരായ യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പുതിയ സമിതി വരുന്നത് വരെ ജില്ല ജഡ്ജി അധ്യക്ഷനായ ഇടക്കാല സമിതിക്ക് ഭരണം തുടരാം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂർ രാജകുടുംബം സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. ഒൻപത് വർഷത്തെ വാദപ്രതിവാദങ്ങക്കൊടുവിലാണ് ക്ഷേത്ര ഭരണച്ചുതല തർക്കത്തില്‍ തീർപ്പായത്. അവസാന രാജാവ് അന്തരിച്ചാലും രാജകുടുംബത്തിന് ക്ഷേത്രത്തില്‍ അവകാശമുണ്ടെന്ന് രാജകുടുംബത്തിന്‍റെ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസുമാരായ യു.യു ലളിത്തും ഇന്ദു മല്‍ഹോത്രയും അടങ്ങിയ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടത്. ഭരണസമിതിയെ നിയന്ത്രിക്കുന്ന ഇടക്കാല സമിതിയെ മാറ്റണമെന്ന മാഹാരാജ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയുടെ അപ്പീലിലാണ് വാദം നടന്നത്. മുൻകാലങ്ങളിലെ പോലെ രാജകുടുംബത്തെ ക്ഷേത്രം നിയന്ത്രിക്കാൻ അനുവദിക്കണമെന്ന് അപ്പീലില്‍ രാജകുടുംബം ആവശ്യപ്പെട്ടിരുന്നു.
2009ല്‍ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ടി.പി സുന്ദർരാജനാണ് ക്ഷേത്രം കേരള സർക്കാരിന് കൈമാറണമെന്ന് പൊതുതാത്പര്യ ഹർജി നല്‍കിയത്. രാജകുടുംബത്തെ പിന്തുണച്ച് കേരള സർക്കാർ വാദിച്ചിട്ടും ക്ഷേത്രത്തിന്‍റെ ഭരണം ഏറ്റെടുക്കാൻ 2011ല്‍ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവറകളില്‍ പ്രവേശിക്കാനുള്ള രാജകുടുംബത്തിന്‍റെ അവകാശവും കോടതി വിലക്കിയിരുന്നു. എന്നാല്‍ ക്ഷേത്രം രാജകുടുംബത്തിന്‍റെ ആണെന്നും പരമ്പരാഗതവും ആചാരപരവുമായ വിശ്വാസം നിലവിലുണ്ടെന്നും കേരള സർക്കാർ വാദിച്ചിരുന്നു.
2011ല്‍ ക്ഷേത്ര നിലവറകൾ തുറക്കണമെന്ന് സുപ്രീംകോടതി വിധി വന്നതോടെയാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നത്. ക്ഷേത്രത്തിലെ ആറ് നിലവറകളും തുറന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അഞ്ച് നിലവറകൾ തുറന്ന് പരിശോധിച്ചതില്‍ നിന്ന് 90 ലക്ഷം കോടി രൂപയുടെ സ്വത്ത് വകകള്‍ ക്ഷേത്രത്തിനുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ബി നിലവറ ഇതുവരെ തുറന്ന് പരിശോധിച്ചിട്ടില്ലെന്നാണ് രാജകുടുംബത്തിന്‍റെ വാദം. 2012ലാണ് രാജകുടുംബം അവകാശത്തെ ചൊല്ലി സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്ര സ്വത്ത് പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണെന്നും നോക്കി നടത്താനുള്ള അവകാശം രാജകുടുംബത്തിന് വേണമെന്നും രാജുകുടുംബം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സ്വത്തില്‍ അവകാശം ഉന്നയിക്കുന്നില്ലെന്നും ക്ഷേത്രം പൊതുക്ഷേത്രമാണെന്നും രാജകുടുംബം പത്മനാഭ ദാസന്മരാണെന്നും ഹർജിയില്‍ പറഞ്ഞു. ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി. ക്ഷേത്ര ഭരണത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി തലവനായ അഞ്ചംഗ സമിതി വേണം. സമിതി അധ്യക്ഷനെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കമെന്നും ആവശ്യപ്പെട്ടു.
ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന് മുൻ സിഎജി വിനോദ് റായ് ഓഡിറ്റ് റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. ഇതേ വാദമാണ് സംസ്ഥാന സർക്കാരും കോടതിയില്‍ ഉന്നയിച്ചത്. എ,ബി നിലവറകളിലാണ് അമൂല്യ വസ്തുക്കൾ ഉള്ളത്. എ നിലവറ തുറന്ന് കണക്കെടുത്തു. ഇനി ബി നിലവറ തുറന്ന് കണക്കെടുക്കണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിന് ശേഷം കേസില്‍ സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ ഗോപാല്‍ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ക്ഷേത്രം സന്ദർശിച്ച അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടില്‍ ക്ഷേത്ര സ്വർണം നഷ്ടമായെന്നും അമൂല്യ വസ്തുക്കൾ സുരക്ഷിതമല്ലെന്നും അറിയിച്ചു. കാണാതയ വസ്തുക്കളെ കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് നല്‍കി.