തിരുവനന്തപുരം : എറണാകുളത്ത് കെഎസ്‌യു പ്രവർത്തകയെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ജില്ല പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. റിപ്പോർട്ടിൽ പൊലീസ് നടപടി എടുത്തിട്ടില്ലെന്ന് മനസിലാകുകയാണെങ്കിൽ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് വിശദീകരണം തേടും. കമ്മിഷന്‍റെ അധികാര പരിധിയിൽ നിന്ന് കൊണ്ട് ഇത്തരം പ്രവർത്തനങ്ങളെ ചെറുക്കുമെന്നും സതീദേവി പറഞ്ഞു.
ഒരു സമരവേദിയിൽ നടന്ന സംഭവമാണ് ഇത്. തെറ്റായ എന്തെങ്കിലും അവിടെ നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടി ഉണ്ടാകും. ഇത്തരം ആക്രമണം പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകരുത് എന്ന് തന്നെയാണ് കമ്മിഷന്‍റെ നിലപാട്.
'സ്‌ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനാകണം' : അക്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്ന പൊലീസ് സംവിധാനം വരണമെന്നാണ് വനിത കമ്മിഷന്‍റെ നിലപാടെന്നും സതിദേവി പറഞ്ഞു. തുടർച്ചയായി സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്ന ഇടങ്ങളിൽ സിസിടിവി കാമറ സംവിധാനങ്ങൾ സ്ഥാപിക്കണം. സ്ത്രീകൾക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയണം.
സ്ത്രീകളുടെ സുരക്ഷ നിലനിർത്തി കൊണ്ടുള്ള ജാഗ്രത പൊലീസ് പുലർത്തണമെന്ന നിർദേശമാണ് കമ്മിഷനുള്ളത്. ഹരിപ്പാട് എസ്എഫ്ഐ പ്രവർത്തകയെ ഡിവൈഎഫ്ഐ നേതാവ് വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും സതീദേവി പറഞ്ഞു.
അക്രമം ഉണ്ടായ പക്ഷം പ്രതിനിധീകരിച്ച് പരാതി നൽകാനുള്ള സംവിധാനമുണ്ട്, എന്നാൽ ഇവിടെ വാർത്തകൾ മാത്രമാണ് ശ്രദ്ധയിൽപ്പെട്ടത്. ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോട് അത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ടെന്നും വനിത കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി.
വനിത പ്രവർത്തകയ്‌ക്കെതിരെ പൊലീസ് അതിക്രമം :കളമശ്ശേരിയിൽ വച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകയായ മിവ ജോളിയെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്‌തുവെന്നാണ് ആരോപണം. പൊലീസിന്‍റെ നടപടിയിൽ വ്യാപക പ്രതിഷേധം ഇതിനോടകം പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നും ഉയർന്നു കഴിഞ്ഞു.
പ്രസ്‌താവന വനിത കമ്മിഷൻ പുരസ്‌കാര ചടങ്ങിനിടെ :വനിത കമ്മിഷന്‍റെ ജാഗ്രത സമിതി പുരസ്‌കാരങ്ങളും മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കമ്മിഷൻ അധ്യക്ഷ. മികച്ച നഗരസഭയ്ക്കുള്ള ജാഗ്രത സമിതി അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. മികച്ച ജില്ല പഞ്ചായത്തായി കാസര്‍കോട് ജില്ലാ പഞ്ചായത്തിനെയും മികച്ച മുനിസിപ്പാലിറ്റിയായി കണ്ണൂരിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയേയും തെരഞ്ഞെടുത്തു.
മികച്ച ഗ്രാമ പഞ്ചായത്തായി വയനാട് മീനങ്ങാടി ഗ്രാമ പഞ്ചായത്തും അവാർഡിന് അർഹമായി. അച്ചടി മാധ്യമത്തിൽ മികച്ച റിപ്പോർട്ടറായി ദേശാഭിമാനി റിപ്പോർട്ടർ അശ്വതി ജയശ്രീയേയും ദൃശ്യ മാധ്യമത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ അഖില നന്ദകുമാറിനെയും തെരഞ്ഞെടുത്തു. ഫീച്ചർ ന്യൂസ് വിഭാഗത്തിൽ അച്ചടി മാധ്യമത്തിൽ മലയാള മനോരമ സബ്ബ് എഡിറ്റർ ശ്വേത എസ് നായരും ദൃശ്യ മാധ്യമത്തിൽ 24 ന്യൂസിലെ വിനീത വി ജിയും അവാർഡിന് അർഹരായി.