തിരുവനന്തപുരം:സ്‌പീക്കറുടെ റൂളിങ് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചെയ്‌തത് നിയമസഭയോടുള്ള അവഹേളനമെന്ന് നിയമമന്ത്രി പി രാജീവ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചുള്ള സബ്‌മിഷന്‍ നോട്ടിസ് ചട്ടങ്ങളുടെ ലംഘനമാണ്. ഇതേക്കുറിച്ച് ബോധ്യമുള്ള ആളാണെങ്കില്‍ നോട്ടിസ് വായിക്കുമ്പോള്‍ ഇത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
'സ്‌പീക്കറുടെ റൂളിങ് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചെയ്‌തത് സഭയോടുള്ള അവഹേളനം'; വി.ഡി സതീശനെതിരെ പി രാജീവ്
ചട്ടം ഉയര്‍ത്തിപ്പിടിക്കുന്ന റൂളിങാണ് സ്‌പീക്കര്‍ നടത്തിയതെന്നും ഇതിനെ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്‌തത് അനുചിതമെന്നും പി രാജീവ്
ചട്ടം ഉയര്‍ത്തി പിടിക്കുന്ന റൂളിങാണ് സ്‌പീക്കര്‍ നടത്തിയത്. ചട്ടവിരുദ്ധമായ നോട്ടിസിന് അനുമതി നല്‍കിയാല്‍ കീഴ്‌വഴക്കങ്ങളുടെ പേരില്‍ വീണ്ടും സമാന സംഭവം ഉണ്ടാകും. ഇതാണ് സ്‌പീക്കര്‍ നിയമസഭയെ അറിയിച്ചത്. ഈ റൂളിങിനെ പ്രതിപക്ഷ നേതാവ് പുറത്ത് ചോദ്യം ചെയ്‌തത് അനുചിതമാണ്. നിയമസഭ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ് പ്രതിപക്ഷം.
പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ വിഷയം ഇല്ലാത്ത അവസ്ഥയിലേക്ക് പ്രതിപക്ഷം എത്തിയിരിക്കുകയാണ്. അടിയന്തര പ്രമേയമായി ഈ വിഷയം ചര്‍ച്ച ചെയ്‌തതാണ്. കേന്ദ്ര എജന്‍സികള്‍ അന്വേഷിക്കണമെന്ന് തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.