തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ ചേരുന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ കുറ്റാരോപിതയായ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്നത് വിരോധാഭാസമാണെന്ന് നഗരസഭ യുഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാവ് പി പത്മകുമാർ. കൗൺസിൽ യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ്, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസിന് കത്ത് നൽകിയതായും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
പി പത്മകുമാർ ഇടിവി ഭാരതിനോട് മേയറുടെ പേരിൽ പുറത്തു വന്ന ശുപാർശ കത്ത് ചർച്ച ചെയ്യുന്നതിനാണ് 35 കൗൺസിലർമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്പെഷ്യൽ കൗൺസിൽ ചേരുന്നത്. ഈ യോഗത്തിൽ കൗൺസിലർമാർ ഉന്നയിക്കുന്ന അഭിപ്രായങ്ങൾ കേൾക്കാൻ മേയർ തന്നെ അധ്യക്ഷത വഹിക്കുന്നത് വിരോധാഭാസമാണ്. കേരള മുൻസിപ്പൽ ആക്‌ട് അനുസരിച്ച് ആരോപണ വിധേയയായ അധ്യക്ഷയ്ക്ക് യോഗം നിയന്ത്രിക്കാൻ അധികാരമില്ല.
ഡെപ്യൂട്ടി മേയർ പി കെ രാജു കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഷാഫി പറമ്പിൽ എംഎൽഎയുടെ പേരിൽ പുറത്തു വന്ന ശുപാർശ കത്തും മേയറുടെ ശുപാർശ കത്തും തമ്മിൽ രാപ്പകൽ വ്യത്യാസമുണ്ട്. സമരത്തിൻ്റെ ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയുള്ള ശ്രമമാണിത്.
ശുപാർശ കത്ത് മേയർ തയാറാക്കിയതല്ലെന്നും കത്ത് വ്യാജമാണെന്നും ആരോപിക്കുന്ന സാഹചര്യത്തിൽ വ്യാജ കത്ത് കണ്ടുപിടിക്കാൻ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തണം. മേയറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് യുഡിഎഫ് സമരം നടത്തുന്നത്.
ശരിയായ അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ചിനെ കൊണ്ട് റിപ്പോർട്ട് എടുപ്പിച്ച് സമയം നഷ്‌ടപ്പെടുത്തി തെളിവുകൾ നഷ്‌ടപ്പെടുത്തിക്കാെണ്ടിരിക്കുകയാണെന്നും പി പത്മകുമാർ ആരോപിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് നഗരസഭ കവാടത്തിന് മുന്നിൽ യുഡിഎഫ് പന്തംകൊളുത്തി പ്രതിഷേധം നടത്തി.