തിരുവനന്തപുരം: മലയാള ചലച്ചിത്ര ഗാനങ്ങളുടെ പിതാവായി പി. ഭാസ്‌കരനെ നിർണയിക്കണമെന്ന് പ്രമുഖ ചലച്ചിത്ര ഗാനനിരൂപകൻ ടി.പി ശാസ്‌തമംഗലം. മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് മൗലികതയും കേരളത്തിൻ്റെ തനിമയും കൊണ്ടുവന്ന ഗാനരചയിതാവ് പി.ഭാസ്‌കരനാണ്. നീലക്കുയിൽ എന്ന ചിത്രത്തിൽ പി.ഭാസ്‌കരനും കെ.രാഘവനും ചേർന്നൊരുക്കിയ ഗാനങ്ങളാണ് മൗലികത അവകാശപ്പെടാവുന്ന ആദ്യ മലയാള ചലച്ചിത്ര ഗാനങ്ങൾ.
ചങ്ങമ്പുഴ കവിതയിൽ നടത്തിയതു പോലെയുള്ള കാൽപ്പനിക പ്രയോഗങ്ങൾ മലയാള ഗാനങ്ങളിൽ കൊണ്ടുവന്നത് പി.ഭാസ്‌കരനാണ്. മലയാള ഭാഷയുടെ പിതാവായി എഴുത്തച്ഛനെ പരിഗണിക്കും പോലെ ചലച്ചിത്ര ഗാനങ്ങളുടെ പിതാവായി പി.ഭാസ്‌കരനെ നിർണയിക്കണം. പി.ഭാസ്‌കരനു തുല്യമായി അദ്ദേഹം മാത്രമേയുള്ളുവെന്നും ടി.പി ശാസ്‌തമംഗലം ചൂണ്ടിക്കാട്ടി.